ഇരിങ്ങാലക്കുട എവിഎം ഗവൺമെൻ്റ് ആശുപത്രിയിൽ മൂന്നരക്കോടി രൂപയുടെ സർക്കാർ ഫണ്ട് വിനിയോഗിച്ച് ഐപി ബ്ലോക്ക് കെട്ടിടം നിർമ്മിച്ചു. അരനൂറ്റാണ്ടിനോടടുത്ത് പ്രവർത്തന പാരമ്പര്യമുള്ള ഇരിഞ്ഞാലക്കുട ആലേങ്ങാടൻ വാറുണ്ണി മെമ്മോറിയൽ ഗവണ്മെന്റ് ആയുർവേദ ആശുപത്രിയിൽ മൂന്നരക്കോടിയിൽ നിർമ്മിച്ച പുതിയ ഐ പി ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ ഓൺ ലൈനിലൂടെ നിർവഹിച്ചു. പ്രൊഫ. കെ യു അരുണൻ എം എൽ എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

മൂന്ന് നിലകളിലായി നിർമ്മിച്ച കെട്ടിടം ആയുഷ് വകുപ്പിൽ നിന്നും അനുവദിച്ച 3.50 കോടി രൂപ വിനിയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. കെട്ടിടത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും വേണ്ടി പ്രേത്യേകം തയ്യാറാക്കിയ 15 കിടക്കകളോട് കൂടിയ ജനറൽ വാർഡുകൾ സജ്ജീകരിച്ചിട്ടുണ്ട്.നാല് ഡബിൾ റൂമുകളും നാല് സിംഗിൾ റൂമുകളും ഉൾപ്പെടുന്ന പേ വാർഡുമാണ് ഐപി ബ്ലോക്കിൽ ഉണ്ടായിരിക്കുക. കൂടാതെ മൂന്ന് പഞ്ചകർമ്മ തിയേറ്റർ, എക്സ് – റേ, ലാബ് സംവിധാനം, ഫിസിയോ തെറാപ്പി യൂണിറ്റ്, വാഷ് ഏരിയ, ടോയ്ലറ്റ് റൂമുകൾ തുടങ്ങിയ സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. താഴത്തെ നിലയിൽ എക്സ് – റേ ലാബ് സംവിധാനത്തിന് പുറമെ മെഡിസിൻ സ്റ്റോറും, ട്രീറ്റ്മെൻ്റ് റൂം, പാർക്കിംങ് ഏരിയ മുതലായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ രണ്ടു നിലകൾ ഉയർത്തുന്നതിനാവശ്യമായ അസ്തി വാരവും മുകളിൽ റൂഫ് ട്രസ്സിങ്ങും ഉൾപ്പെടുന്നു.