ഗുരുവായൂരിലെ ബയോപാർക്ക് മാലിന്യ സംസ്കരണ സമുച്ഛയത്തിന്റെ ഉദ്ഘാടനം ധനകാര്യമന്ത്രി തോമസ് ഐസക് വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. ക്ഷേത്ര നഗരിയായ ഗുരുവായൂരിൽ ഏറെക്കാലമായി പ്രതിസന്ധി സൃഷ്ടിച്ച ഒന്നാണ് മാലിന്യസംസ്കരണം. ഇതിനെ മറികടക്കാൻ ശാസ്ത്രീയമായ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ മാലിന്യ സംസ്കരണത്തിന്റെ പുതിയൊരു മാതൃക സൃഷ്ടിക്കാൻ ഗുരുവായൂർ നഗരസഭയ്ക്ക് സാധിച്ചു.

സ്ത്രീ ശാക്തീകരണം, പ്രാദേശിക സാമ്പത്തിക വികസനം, കാർഷികരംഗം എന്നീ മേഖലകളുമായി ബന്ധിപ്പിച്ച് ഒരു സമഗ്ര വികസന പദ്ധതിയായാണ് നഗരസഭയുടെ ബയോപാർക്ക് പ്രവർത്തനം. ട്രഞ്ചിങ് ഗ്രൗണ്ടിൽ മാലിന്യം നീക്കി വളം, ചെടി, വിത്തുകൾ എന്നിവ നഗരസഭ ഉൽപാദിപ്പിക്കുന്നുണ്ട്. ജൈവവള ഉത്പാദന കേന്ദ്രം, അജൈവ മാലിന്യ പരിപാലന കേന്ദ്രങ്ങൾ, പോളിഹൗസ് കാർഷിക നഴ്സറി എന്നിവയും ഇവിടെ പ്രവർത്തന സജ്ജമാണ്.

കെ വി അബ്ദുൾഖാദർ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹരിത കേരളം മിഷൻ വൈസ് ചെയർപേഴ്സൺ ഡോ ടി എൻ സീമ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദ മുരളീധരൻ ഐ എ എസ് എന്നിവർ അതിഥികളായി. ബയോ പാർക്ക് മാലിന്യസംസ്കരണത്തിന്റെ ശിലാസ്ഥാപനം എംഎൽഎ നിർവഹിച്ചു.