നിരാലംബരായ പട്ടികജാതി കുടുംബങ്ങള്‍ക്ക് സുരക്ഷിതമായി അന്തിയുറങ്ങാന്‍ ഭവന സമുച്ചയവുമായി കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പരിധിയിലെ ഭൂരഹിതരുംഭവനരഹിതരുമായ 52 പട്ടികജാതി കുടുംബങ്ങള്‍ക്കായി 5.92 കോടി രൂപ ചെലവഴിച്ച് പഴയകുന്നുമ്മേല്‍ വില്ലേജിലാണ് ഭവന സമുച്ചയം നിര്‍മ്മിക്കുന്നത്.
കിളിമാനൂര്‍ ജംഗ്ഷനില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാത്രം അകലെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 80 സെന്റ്സ്ഥലമാണ് ഇതിനായി ബ്ലോക്ക് പഞ്ചായത്ത് വിലയ്ക്കുവാങ്ങിയത്. 2017 – 18 സാമ്പത്തിക വര്‍ഷത്തെ ബ്ലോക്ക് പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ മാറ്റിവെച്ച 64 ലക്ഷം രൂപ ഇതിനായി വിനിയോഗിച്ചത്. കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോ, ആശുപത്രികള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ ഇവിടെനിന്നും വേഗത്തില്‍ എത്തിച്ചേരാന്‍ സാധിക്കും. ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടും പട്ടികജാതി വികസന ഫണ്ടും ഉപയോഗപ്പെടുത്തിയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. തുടര്‍ പദ്ധതിയായി ഉള്‍പ്പെടുത്തിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്.
ഇത്തരമൊരു പദ്ധതി നടപ്പാക്കുന്ന ജില്ലയിലെ ആദ്യ ബ്ലോക്ക് പഞ്ചായത്താണ് കിളിമാനൂരെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് പറഞ്ഞു. ലൈഫ് ഗുണഭോക്തൃ ലിസ്റ്റില്‍ നിന്നുമാണ് അര്‍ഹരായ കുടുംബങ്ങളെ തെരഞ്ഞെടുക്കുക. ഭവന സമുച്ചയം എത്രയും വേഗം പൂര്‍ത്തീകരിച്ച് അര്‍ഹരായവര്‍ക്ക് കൈമാറുമെന്നും പ്രസിഡന്റ് പറഞ്ഞു. സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ കോസ്റ്റ്ഫോര്‍ഡിനാണ് നിര്‍മാണ ചുമതല. പ്രശസ്തമായ ലാറി ബേക്കര്‍ മാതൃകയിലാണ് ഭവന സമുച്ചയം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മൂന്നു നിലകളുള്ള മൂന്നു ബ്ലോക്കുകള്‍ ആയിട്ടാണ് വീടുകള്‍ ഒരുങ്ങുന്നത്. ഓരോ വീടിനും 450 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുണ്ടാകും.