തിരുവനന്തപുരം: പെരുമാതുറ ഗവൺമെന്റ് എൽ.പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം ഫഷറീസ്, ഹാർബർ എഞ്ചിനീയറിങ് വകുപ്പ് മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ ഓൺലൈനായി നിർവഹിച്ചു. കിഫ്ബി ധനസഹായത്തോടെ 73 ലക്ഷം രൂപ മുതൽ മുടക്കിൽ 266.63 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് പുതിയ മന്ദിരം നിർമിക്കുന്നത്. കമ്പ്യൂട്ടർ ലാബ്, ലൈബ്രറി തുടങ്ങിയവ പുതിയ കെട്ടിടത്തിൽ സജ്ജമാക്കും.

തീരദേശ മേഖലയിലെ സ്‌കൂളുകളുടെ വികസനത്തിനായി നിരവധി പദ്ധതികൾ നടപ്പിലാക്കാൻ സർക്കാരിനു കഴിഞ്ഞതായി മന്ത്രി പറഞ്ഞു. നിലവിലുള്ള  സൗകര്യങ്ങളെ കാലാനുസൃതമായി നവീകരിക്കുന്നതുവഴി വിദ്യാർഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ വി. ശശി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ്, ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഡീന, വൈസ് പ്രസിഡന്റ് എം.വി കനകദാസ്, തീരദേശ വികസന കോർപ്പറേഷൻ ചീഫ് എൻജിനീയർ എം.എ. മുഹമ്മദ് അൻസാരി തുടങ്ങിയവർ പങ്കെടുത്തു.