- തിരുവനന്തപുരം ജില്ലയുടെ കായൽ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി 8.85 കോടി രൂപയുടെ കായൽ ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പാക്കുമെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ട്രാവൻകൂർ ഹെറിറ്റേജ് സർക്യൂട്ട് കഠിനംകുളം – അഞ്ചുതെങ്ങ് ഇടനാഴി എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പെരുമാതുറ ബീച്ച് വികസന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
പദ്ധതിയുടെ ഭാഗമായി മുരുക്കുംപുഴ, പൗണ്ട്കടവ്, കായിക്കര കടവ്, പണയിൽകടവ്, പുത്തൻകടവ് എന്നിവിടങ്ങളിൽ ബോട്ട് ജെട്ടി നിർമിക്കുമെന്നു മന്ത്രി പറഞ്ഞു. വേളിയിൽ വെൽകം ആർച്ചും ഇതിന്റെ ഭാഗമായി ഒരുക്കും. വർക്കല ബീച്ച് സമഗ്ര വികസനത്തിന്റെ ഭാഗമായി ഒമ്പതു കോടി രൂപയുടെ ആദ്യഘട്ട നിർമാണം ആരംഭിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനു പുറമേ പാലം, വാച്ച് ടവർ, കുളം, ഉറവയുടെ ഭാഗത്തെ നവീകരണം തുടങ്ങിവയാണു നടപ്പാക്കുന്നത്. ഇതിനു പുറമേ 2.66 കോടിയുടെ പദ്ധതികൾ വർക്കലയിൽ പൂർത്തിയാക്കിക്കഴിഞ്ഞു. ഇതു പൂർത്തിയാകുന്നതോടെ പെരുമാതുറ, വർക്കല പ്രദേശങ്ങളടങ്ങുന്ന ഗ്രാമങ്ങളിലേക്ക് ഒട്ടനവധി സഞ്ചാരികൾ എത്തും. ഈ മേഖലിൽ ഉത്തരവാദിത്ത ടൂറിസം മിഷന്റെ സാധ്യതകൾകൂടി ഉപയോഗിക്കുന്നതോടെ ഈ നാട്ടിലുള്ളവർക്കും ടൂറിസത്തിലൂടെ വരുമാനം കണ്ടെത്താനാകും. വിനോദസഞ്ചാര മേഖലയെ തദ്ദേശീയ ഗ്രാമീണ വികസനത്തിനും ദാരിദ്ര്യ ലഘൂകരണത്തിനും സ്ത്രീ ശാക്തീകരണത്തിനും ഉപയോഗപ്പെടുത്തുന്നതിന് ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ സർക്കാരിനു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
മൂന്നു കോടി രൂപയാണു പെരുമാതുറ ബീച്ച് വികസന പദ്ധതിക്കായി വിനിയോഗിക്കുന്നത്. റോഡ്, കുട്ടികൾക്കുള്ള പാർക്ക്, ടിക്കറ്റ് കൗണ്ടർ, പവലിയൻ, ഇരിപ്പിടങ്ങൾ, ശുചിമുറി, നടപ്പാത, സ്‌നാക്‌സ് ബാർ, ചുറ്റുമതിൽ, സ്റ്റേജ്, ലൈഫ് ഗാർഡ് റൂം തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി ഇവിടെ. മേയ് മാസത്തോടെ നിർമാണം പൂർത്തീകരിക്കുന്ന രീതിയിൽ ആണ് നിർമാണം നടക്കുന്നത്.
പെരുമാതുറ എൽ.പി. സ്‌കൂളിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ വി ശശി അധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഡീന, ബ്ലോക്ക് – പഞ്ചായത്ത് അംഗങ്ങൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.