ആലപ്പുഴ:കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിനും പരിശോധനയുടെ നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിനുമായി കൂടുതൽ കോവിഡ് പരിശോധന കിയോസ്കുകൾ ആരംഭിക്കുന്നതിന് തീരുമാനിച്ചു. സർക്കാർ നിർദ്ദേശിച്ചതിന്റെ ഭാഗമായി രണ്ടുദിവസത്തിനുള്ളിൽ ജില്ലയിലെ നഗരസഭാ പരിധിയിൽ കുറഞ്ഞത് രണ്ട് കിയോസ്കുകള്‍ എങ്കിലും ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടര്‍ എ. അലക്സാണ്ടർ വിവിധ നഗരസഭാ സെക്രട്ടറിമാർക്ക് നിർദേശം നൽകി. കിയോസ്കുകൾ സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി അടിയന്തരമായി റിപ്പോർട്ട് നൽകാൻ കലക്ടർ ബന്ധപ്പെട്ടവരുടെ യോഗത്തില്‍ ആവശ്യപ്പെട്ടു. നഗരസഭാ പരിധിയില്‍ ഇത്തരത്തില്‍ ആരംഭിക്കുന്ന കിയോസ്കുകൾ സ്വകാര്യ മേഖലയ്ക്കോ നഗരസഭകളിലുള്ള ആശുപത്രികളിലെ ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റികള്‍ക്കോ നടത്താവുന്നതാണ്. സ്വകാര്യ സംരംഭകര്‍ക്കാണ് നടത്തിപ്പ് ചുമതല നല്‍കുന്നതെങ്കില്‍ കിയോസ്കുകള്‍ പൂര്‍ണമായി അവരുടെ ചെലവിൽ സ്ഥാപിക്കണം. നഗരസഭകള്‍ അതത് ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റികള്‍ക്കാണ് ചുമതല നല്‍കുന്നതെങ്കില്‍ കിയോസ്ക് സ്ഥാപിക്കുന്നതിനുള്ള സഹായം നാഷണല്‍ ഹെല്‍ത്ത് മിഷന്‍ നല്‍കും. രണ്ടു ദിവസത്തിനകം കിയോസ്കുകള്‍ തുടങ്ങാനുള്ള നടപടിയെടുക്കാന്‍ ദേശീയ ആരോഗ്യ മിഷനെ കളക്ടര്‍ ചുമതലപ്പെടുത്തി. കിയോസ്കുകളിലെ പരിശോധനയ്ക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫീസ് ഗുണഭോക്താക്കളിൽ നിന്ന് ഈടാക്കാവുന്നതാണ്. റാപ്പിഡ് ആൻറിജൻ ടെസ്റ്റ് നടത്താനുള്ള സൗകര്യമാണ് കിയോസ്കുകളില്‍ ഉണ്ടാവുക. പൊതുജനങ്ങൾക്ക് ആശുപത്രികളില്‍ എത്തി പരിശോധന നടത്തുന്നതിനുള്ള അസൗകര്യം ഇതുവഴി ഒഴിവാകുകയും കൂടുതല്‍ എളുപ്പത്തില്‍ പരിശോധന പൂര്‍ത്തിയാക്കാനും കഴിയും. ശബരിമല സീസൺ ആരംഭിക്കുന്നതും ടൂറിസം മേഖല തുറന്നു കൊടുത്തതും പരിഗണിച്ചാണ് കൂടുതൽ പരിശോധനാ സൗകര്യങ്ങല്‍ സര്‍ക്കാര്‍ ആരംഭിക്കുന്നത്. ചെങ്ങന്നൂര്‍ റെയില്‍വേസ്റ്റേഷന് സമീപത്ത് കിയോസ്കുകള്‍ കൂടുതല്‍ സ്ഥാപിക്കും. കിയോസ്കുകളില്‍ ഫോൺ നമ്പറും മറ്റുു വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇതുവഴി രോഗികള്‍ക്ക് ഇവിടെ വിളിച്ച് പരിശോധന ക്രമീകരിക്കാനാകും. യോഗത്തിൽ നഗരസഭാ സെക്രട്ടറിമാർ, ഡോ.കെ കെ ദീപ്തി, വിവിധ നഗരസഭയിലെ ആരോഗ്യ വിഭാഗം എന്നിവർ പങ്കെടുത്തു.