തൃശ്ശൂർ: പിഎംഎവൈ-ലൈഫ് ഭവന പദ്ധതി പ്രകാരം ചാവക്കാട് നഗരസഭയിൽ 500 വീടുകളുടെ പണി പൂർത്തീകരിച്ചു. പൂർത്തീകരണ പ്രഖ്യാപനം ചാവക്കാട് നഗരസഭാ കോൺഫറൻസ് ഹാളിൽ നഗരസഭ ചെയർമാൻ എൻ കെ അക്ബർ നിർവഹിച്ചു. കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലായി ലൈഫ് മിഷനിൽ ഉൾപ്പെട്ട 775 ഗുണഭോക്താക്കൾക്ക് നഗരസഭ ധനസഹായം നൽകി. ഇതിൽ 500 ഗുണഭോക്താക്കളുടെ ഭവന നിർമ്മാണമാണ് പൂർത്തീകരിച്ചത്.
പ്രഖ്യാപനത്തോടൊപ്പം പദ്ധതിയുടെ നാലാം ഘട്ടത്തിലേക്ക് നഗരസഭ പരിധിയിൽ നിന്ന് തെരഞ്ഞെടുത്ത 67 ഗുണഭോക്താക്കൾക്ക് ഒന്നാം ഗഡു ധനസഹായ വിതരണവും നടന്നു. ഇതിനായി നഗരസഭ വിഹിതം ഒരു കോടിയാണ്. വൈസ് ചെയർപേഴ്‌സൺ മഞ്ജുഷ സുരേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ ബി വിശ്വനാഥൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ എച്ച് സലാം, എം ബി രാജലക്ഷ്മി, എ എ മഹേന്ദ്രൻ, എ സി ആനന്ദൻ, സബൂറ ബക്കർ, ചാവക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽകുമാർ, കുടുംബശ്രീ മെമ്പർ സെക്രട്ടറി സി എൻ ലളിത എന്നിവർ പങ്കെടുത്തു.