തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് ഫോക് ലാന്‍ഡുമായി സഹകരിച്ച് നടക്കാവില്‍ ഒരുക്കുന്ന മിയാവാക്കി വനവല്‍ക്കരണം വൃക്ഷ തൈ നട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍ ഉദ്ഘാടനം ചെയ്തു.ജപ്പാനിലെ പ്രൊഫസറായ അക്കിറ മിയാവാക്കിയുടെ വനവല്‍കരണ മാതൃകയാണ് മിയാവാക്കി വനങ്ങള്‍. വിദേശ സസ്യങ്ങളുടെ കടന്നുകയറ്റം ചെറുത്ത് തദ്ദേശീയമായ ജൈവ വൈവിധ്യത്തെ തിരിച്ചു കൊണ്ടുവരുന്ന നൂതന പദ്ധതിയാണിത്. കുറഞ്ഞ സമയത്തിനുള്ളില്‍ നിബിഡമായ ചെറു വനങ്ങള്‍ സൃഷ്ടിക്കാനാവും.
പ്രാദേശികമായി ലഭ്യമായ ജൈവ വസ്തുക്കള്‍ ഉപയോഗിച്ചു കൊണ്ടുള്ള മണ്ണ് പരുവപ്പെടുത്തിയെടുക്കലും പൂര്‍ണ്ണമായും ജൈവരീതിയിലുള്ള പരിപാലനവും മിയാ വാക്കി പദ്ധതിയുടെ പ്രത്യേകതയാണ്. ഒരു ചതുരശ്ര മീറ്ററില്‍ നാല് ചെടികള്‍ എന്ന കണക്കില്‍ മരങ്ങള്‍ക്കൊപ്പം തന്നെ കുറ്റിച്ചെടികളും വള്ളിച്ചെടികളും ഇടകലര്‍ത്തി നടും. വൃക്ഷങ്ങള്‍ ഇടതൂര്‍ന്ന് വളര്‍ന്ന് നിബിഡ വനമാകും.