തിരുവനന്തപുരത്ത് വ്യാഴാഴ്ച 838 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 909 പേർ രോഗമുക്തരായി. നിലവിൽ 9,176 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്.

ജില്ലയിൽ അഞ്ചു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. തിരുവനന്തപുരം കരമന സ്വദേശി ഹരിഹരൻ (56), മുട്ടട സ്വദേശി കുട്ടപ്പൻ (72), വെമ്പായം സ്വദേശി ശശിധരൻ (70), മരുതൂർ സ്വദേശി നാസർ (56), ആറ്റിങ്ങൽ സ്വദേശി അനിൽ (47) എന്നിവരുടെ മരണമാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 628 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 13 പേർ ആരോഗ്യ പ്രവർത്തകരാണ്.

രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 2,100 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 25,339 പേർ വീടുകളിലും 166 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇവരിൽ 3,606 പേർ രോഗം സ്ഥിരീകരിച്ചവരാണ്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 2,562 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.