തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ച സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന് വന്‍സ്വീകാര്യത. ജില്ലയിലെ തന്നെ ആദ്യ സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ സെന്ററാണ് അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേത്. വിവര സാങ്കേതിക വിദ്യയുടെ പ്രയോജനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനും വിവര വിജ്ഞാനപ്രാപന കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതിനുമാണ് സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മൂന്നര ലക്ഷം രൂപ ചെലവഴിച്ചാണ് സെന്റര്‍ നിര്‍മിച്ചിരിക്കന്നത്.

അപേക്ഷകളുടെ ഓണ്‍ലൈന്‍ സമര്‍പ്പണം, പരീക്ഷാഫലങ്ങളുടെ പരിശോധന, ഗ്രാമീണ ഇന്റര്‍നെറ്റ് കഫേ, ഇ-ടിക്കറ്റിങ്, ഗ്രാമീണ ഡി.റ്റി.പി സെന്റര്‍, ഇ-ഗവര്‍ണന്‍സ് ആപ്‌ളിക്കേഷന്‍സ്, ഗ്രാമീണ ജനതയ്ക്ക് അടിസ്ഥാന കമ്പ്യൂട്ടര്‍ പരിശീലനം നല്‍കല്‍, ജനകീയ കമ്മിറ്റികള്‍ രൂപീകരിച്ച് മത്സര പരീക്ഷകള്‍ക്കുള്ള ക്ലാസുകള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് വിവര വ്യാപന കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.   മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ സഹായകമായ പുസ്തകങ്ങളുടെ ലൈബ്രറിയായും ഈ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.