പള്ളിവാസല്‍ എക്സറ്റന്ഷന് പദ്ധതിക്ക് പുനരാരംഭം; വൈദ്യുതി മന്ത്രി എംഎം മണി ഉദ്ഘാടനം നിര്‍വഹിച്ചു
പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതി പുനരാരംഭിച്ചു. പദ്ധതിയുടെ ഭാഗമായ ജനറേറ്റിംഗ് സ്റ്റേഷന്റെ നിര്‍മ്മാണോദ്ഘാടനം വൈദ്യുതി മന്ത്രി എംഎം മണി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ വൈദ്യുത ഉത്പാദനം വര്‍ധിപ്പിക്കാനും മെച്ചപ്പെട്ട സേവനം ഉറപ്പാക്കാനും സാധിക്കുമെന്ന് പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മന്ത്രി എംഎം മണി പറഞ്ഞു.
30 മെഗാവാട്ടിന്റെ 2 ജനറേറ്ററുകളാണ് പദ്ധതിയുടെ ഭാഗമായി വൈദ്യുതി ഉത്പാദനത്തിന് സജ്ജമാക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ആഭ്യന്തര വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കാനാകും. പ്രതിവര്‍ഷം 153 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടല്‍. 67 കോടി രൂപയാണ് പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയത്. 2021 മെയ് മാസത്തില്‍ ആദ്യ ജനറേറ്റര്‍ പ്രവര്‍ത്തനക്ഷമമാക്കി വൈദ്യുതി ഉത്പാദിപ്പിക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. പദ്ധതിയുടെ ഭാഗമായ ടണലിന്റെയും പെന്‍സ്റ്റോക്കിന്റെയും നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.
2007ല്‍ നിര്‍മ്മാണോദ്ഘാടനം നടത്തിയെങ്കിലും പലകാരണങ്ങളാലും നിര്‍മ്മാണം തടസ്സപ്പെട്ടു. പദ്ധതി പ്രദേശത്തെ പ്രശ്നങ്ങളും, കാലവസ്ഥയും, സാങ്കേതിക പ്രശ്നങ്ങളുമാണ് പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചത്.
പള്ളിവാസല്‍ എക്സറ്റന്ഷന് സ്കീം കാര്യാലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ കെഎസ്ഇബി ട്രാന്സ്മിഷന് ഡയറക്ടര്‍ ആര്.സുകു അദ്ധ്യക്ഷത വഹിച്ചു. സിവില്‍ ആന്റ് ജനറേഷന് ഡയറക്ടര്‍ ബിബിന്‍ ജോസഫ്, കണ്‍സ്ട്രക്ഷന്‍ ചീഫ് എഞ്ചിനീയര്‍ ഷാനവാസ്, ജനറേഷന് ചീഫ് എഞ്ചിനീയര്‍ സിജി ജോസ്, പള്ളിവാസല്‍ എക്സറ്റന്ഷന് സ്കീം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബൈജു കല്ലൂപ്പറമ്പില്‍, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഹരിദാസ്(പ്രൊജക്റ്റ് മാനേജര്‍), എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (സിവില്‍) ബിജു മാര്‍ക്കോസ് തുടങ്ങിയവര്‍ സംസാരിച്ചു. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും യോഗത്തില്‍ പങ്കെടുത്തു.