ഇടുക്കി ചക്കുപള്ളം ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അരുവിക്കുഴി ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. സംസ്ഥാനത്ത് 26 ടൂറിസം പദ്ധതികളാണ് 14 ജില്ലകളിലായി നൂറ് ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി നാടിന് സമര്‍പ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 60 കോടി 56 ലക്ഷം രൂപ മുതല്‍മുടക്കിയാണിവയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പരിസ്ഥിതിക്ക് യാതൊരുവിധ കോട്ടവും വരുത്താതെയാണ് ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്കായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നത്. കോവിഡ് മഹാമാരി ടൂറിസം രംഗത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. 25,000 കോടി രൂപയുടെ നഷ്ടം മേഖലയിലുണ്ടായതായാണ് കണക്കുകള്‍. ഇതോടൊപ്പം ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നഷ്ടവുമുണ്ടായി. പ്രത്യക്ഷവും പരോക്ഷവുമായി 15 ലക്ഷത്തോളം ആളുകളാണ് വിനോദ സഞ്ചാര മേഖലയില്‍ തൊഴിലെടുക്കുന്നത്. ഇവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളുടെ എണ്ണം അതിലുമേറെയാണ്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് ടൂറിസം കേന്ദ്രങ്ങള്‍ തുറന്ന് കൊടുക്കുവാന്‍ തീരുമാനിച്ചത്. പുതിയ പദ്ധതികള്‍ കൂടി യാതാര്‍ഥ്യമായതോടെ കോവിഡ് പ്രതിസന്ധിക്ക് ശേഷം ടൂറിസം മേഖലയില്‍ വന്‍ കുതിച്ച് ചാട്ടം ഉണ്ടാകുമെന്നുറപ്പാണ്. ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണമുള്ള കേരളത്തിലേക്ക് ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഉതകുന്ന പദ്ധതികളാണ് യാതാര്‍ഥ്യമാക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ചടങ്ങില്‍ ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷനായി. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സംസ്ഥാനത്ത് ടൂറിസം രംഗത്ത് പതിനായിരം കോടി രൂപയുടെ വരുമാന നേട്ടമുണ്ടായെന്ന് മന്ത്രി പറഞ്ഞു. ഓഖി, പ്രളയം, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങിയ നിരവധി പ്രതികൂല സാഹചര്യം ഉണ്ടായിട്ടും ഈ നേട്ടം കൈവരിക്കാനായി. 45,000 കോടി രൂപായാണ് ടൂറിസം രംഗത്ത് കഴിഞ്ഞ നാല് വര്‍ഷത്തിനിടെയുണ്ടായ വരുമാനം. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനത്തള്‍ക്ക് ഇക്കാലയളവില്‍ നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. കോവിഡ് 19 നെ തുടര്‍ന്ന് ടൂറിസം വ്യവസായം ഇപ്പോള്‍ പ്രതിസന്ധിധിയിലൂടെയാണ് കടന്ന് പോകുന്നത്. പ്രത്യക്ഷവും പരോക്ഷവുമായി മേഖലയില്‍ ജോലിയെടുക്കുന്ന 15 ലക്ഷത്തോളം ആളുകളുടെ ജീവനോപാധിയെ ബാധിക്കുന്നതാണ് പ്രതിസന്ധി. ഇത് കൂടി കണക്കിലെടുത്താണ് കര്‍ശനമായ ഉപാധികളോടെ വിനോദ സഞ്ചാര മേഖലകള്‍ തുറന്ന് കൊടുക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഉണര്‍വ് ഹോട്ടല്‍, വ്യാപാര, ടാക്‌സി മേഖലകളില്‍ കണ്ട് തുടങ്ങി. രാജ്യത്തിനകത്ത് നിന്നുള്ള വിനോദ സഞ്ചാരികളെയാണ് ആദ്യ ഘട്ടത്തില്‍ പ്രതീക്ഷിക്കുന്നത്. കോവിഡ് പ്രതിസന്ധിയെ അതിജീവിക്കുന്നതിനായി ടൂറിസം രംഗത്തെ സംരംഭകര്‍ക്കായി 455 കോടി രൂപയുടെ വായ്പാ പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 25 ലക്ഷം രൂപ വരെ ചില സംരഭകര്‍ക്ക് ലഭിക്കും. ആദ്യവര്‍ഷത്തെ പലിശ സബ്‌സിഡിയായി നല്‍കും. ഗൈഡുകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് 20,000 മുതല്‍ 30,000 രൂപ വരെയും സാമ്പത്തിക സഹായം നല്‍കും. കേന്ദ്ര ഗവ. സഹായത്തോടെയാണ് സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കുകയെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി ചടങ്ങില്‍ വിശിഷ്ടാതിഥിയായി. ഇടുക്കി ജില്ലയിലെ ടൂറിസം രംഗത്ത് വന്‍ കുതിച്ച് ചാട്ടമുണ്ടാക്കുന്ന പദ്ധതിയാണ് അരുവിക്കുഴി ടൂറിസം പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യാതിഥിയായി.
അരുവിക്കുഴി അമിനിറ്റി സെന്ററില്‍ നടന്ന ചടങ്ങില്‍ ഇ.എസ്.ബിജിമോള്‍ എം.എല്‍.എ. സ്വാഗതം പറഞ്ഞു. ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് മുഖ്യ പ്രഭാഷണം നടത്തി. വിനോദ സഞ്ചാര വകുപ്പ് ഡയറക്ടര്‍ പി.ബാലകിരണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ആന്റണി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ബിജു, കേരളാ സ്റ്റേറ്റ് വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ വാഴൂര്‍ സോമന്‍, ജില്ലാ പഞ്ചായത്തംഗം കുഞ്ഞുമോള്‍ ചാക്കോ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ജി.ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
