വ്യാവസായിക രംഗത്ത് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും കൈത്തറിയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരുമെന്നും വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ. നാടുകാണിയിലെ ടെക്‌സ്റ്റൈയില്‍ ഡൈയിംഗ് ആന്റ് പ്രിന്റിംഗ് സെന്ററിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ കൈത്തറിക്ക് ശ്രദ്ധേയമായ സ്ഥാനമാണുള്ളത്. കൈത്തറിയുടെ വസന്തകാലം ഇവിടെയുണ്ടായിരുന്നു. ഉൽപാദനത്തോടൊപ്പം മെച്ചപ്പെട്ട ആനുകൂല്യങ്ങൾ അന്ന് തൊഴിലാളികൾക്ക് ലഭിച്ചിരുന്നു. എന്നാൽ പിന്നീട് ആ പ്രതാപം നഷ്ടമായി. ഈ സർക്കാർ അധികാരത്തിലെത്തുമ്പോൾ കൈത്തറി അവസാന ശ്വാസത്തിലായിരുന്നു. തൊഴിലാളികൾ മറ്റ് തൊഴിൽ മേഖലകളിലേക്ക് പോയി. അത്തരമൊരു അവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് സർക്കാർ ആലോചിച്ചത്. ഇതിൻ്റെ ഭാഗമായാണ് കൈത്തറി തൊഴിലാളികൾക്ക് തൊഴിൽ നൽകാനായി സൗജന്യ യൂണിഫോം പദ്ധതി ആവിഷ്കരിച്ചത് – മന്ത്രി പറഞ്ഞു.
കൊവിഡ് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്ന കാലമാണിത്. ദൈനംദിന ജീവിതം മെച്ചപ്പെടുത്താനാവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. വ്യവസായങ്ങൾ നിലനിൽക്കുകയും ഉൽപാദനം നടക്കുകയും കൂടുതൽ തൊഴിൽ ഉണ്ടാകുകയും വേണം. തൊഴിൽ രഹിതരായ മുഴുവൻ യുവതീ-യുവാക്കൾക്കും തൊഴിൽ നൽകും. നൂറ് ദിന പരിപാടിയുടെ ഭാഗമായി 50,000 തൊഴിൽ രഹിതർക്ക് തൊഴിൽ ലഭിക്കും. സ്പിന്നിംഗ് മില്ലിൽ 10 ശതമാനം തൊഴിലാളികളെ അധികമെടുത്ത് തൊഴിൽ നൽകും. ടെക്സ്റ്റൈൽസ് കോർപ്പറേഷനിൽ ഉള്ള ഒഴിവുകൾ നികത്തി കൂടുതൽ സംരംഭങ്ങളിലേക്ക് കടക്കും. എല്ലാ സ്പിന്നിംഗ് മില്ലുകളിലും 100 സ്ത്രീകൾക്ക് ജോലി നൽകും. 30,000 പേർക്ക് വ്യവസായ വകുപ്പിന് കീഴിൽ പുതുതായി തൊഴിൽ നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ നാലര വർഷം കൊണ്ട് സഹകരണ മില്ലുകൾക്ക് 142.43 കോടി രൂപയുടെ സഹായം നൽകാനായി. സൗജന്യ യൂണിഫോമിനായി സ്പിന്നിംഗ് മില്ലുകളിൽ 20 ലക്ഷം കിലോയോളം നൂൽ ഉൽപാദിപ്പിച്ചു. മട്ടന്നൂരിൽ 137 കോടി ചെലവഴിച്ച് ഉൽപന്നങ്ങളുടെ പ്രദർശനത്തിനായി അന്താരാഷ്ട്ര എക്സിബിഷൻ സെന്റർ ആരംഭിക്കും. സംരംഭകർക്ക് അനുകൂലമായ സ്ഥിതി ഇന്ന് കേരളത്തിലുണ്ട്. വ്യവസായങ്ങൾ വളരാൻ ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകും. നാടുകാണിയിൽ ടെക്‌സ്റ്റൈയില്‍ ഡൈയിംഗ് ആന്റ് പ്രിന്റിംഗ് സെന്റര്‍ നിലവിൽ വരുന്നതോടെ തുണി നിർമ്മാണ ഉൽപ്പാദന രംഗത്ത് വലിയ മാറ്റമുണ്ടാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെറുതും വലുതുമായ അഭ്യന്തര, കയറ്റുമതി തുണി ഉല്‍പ്പാദകര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ കേരളത്തിനകത്ത് തന്നെ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി പ്രകൃതി സൗഹൃദമായ ഒരു യൂണിറ്റ് സജ്ജമാക്കുക എന്ന ഉദ്യേശത്തോടുകൂടിയാണ് നാടുകാണിയില്‍ 10 ഏക്കര്‍ വിസ്തൃതിയില്‍ ഫാബ്രിക്‌ഡൈയിംഗ് ആന്റ് ഡിജിറ്റല്‍ പ്രിന്റിങ് യൂണിറ്റ് ആരംഭിക്കുന്നത്. ഏത് തരം തുണികളും പ്രോസസ് ചെയ്യാവുന്ന രീതിയിലാണ് നിർമ്മാണം. ഡിജിറ്റല്‍ പ്രിന്റിങ്ങ് സംവിധാനത്തില്‍ എത്ര നിറങ്ങള്‍ ഉപയോഗിച്ചും മിഴിവാര്‍ന്ന പ്രിന്റിങ്ങ് സാധിക്കും. ഷര്‍ട്ടിങ്ങ്, സ്യൂട്ടിങ്ങ് തുണികളുടെ പ്രതിദിന ഉത്പാദനം 30,000 മീറ്റര്‍ എന്ന കണക്കില്‍ ഒരു വര്‍ഷത്തില്‍ ശരാശരി ഒരുകോടി മീറ്റര്‍ ചായംമുക്കുന്നതിനും, പ്രിന്റ് ചെയ്യുന്നതിനുള്ള ശേഷിയാണ് യൂണിറ്റിനുണ്ടാവുക. കേരളത്തിലെ ടെക്‌സ്റ്റൈല്‍ മേഖലയില്‍ ചായംമുക്കുന്നതിനും പ്രിന്റിങ്ങിനുമുളള സാധ്യതകള്‍ കണക്കിലെടുത്തും, ലോകോത്തര നിലവാരത്തിലേക്ക് കേരളത്തിലെ ടെക്‌സ്റ്റൈല്‍ മേഖലയെ ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയുമാണ് പദ്ധതി. 25.55 കോടി രൂപയാണ് പദ്ധതിയുടെ മുതല്‍ മുടക്ക്. ആദ്യ പടിയായി ഈ വര്‍ഷം തന്നെ ഒരു ഡിജിറ്റല്‍ പ്രിന്റിംഗ് മെഷീന്‍ സ്ഥാപിക്കും. 180 പേര്‍ക്ക് നേരിട്ടും, ഏകദേശം 300 പേര്‍ക്ക് പരോക്ഷമായും പദ്ധതിയില്‍ തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ കൈത്തറി, പവര്‍ലൂം സൊസൈറ്റികള്‍ക്കും കണ്ണൂരിലുളള കയറ്റുമതിക്കാര്‍ക്കും ഹാന്‍ടെക്‌സ്, ഹാന്‍വീവ് എന്നീ സ്ഥാപനങ്ങള്‍ക്കും, മറ്റ് തുണി ഉത്പാദകര്‍ക്കും, വിതരണക്കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
നാടുകാണി കിൻഫ്ര പാർക്കിൽ നടന്ന ചടങ്ങിൽ ജെയിംസ് മാത്യു എം എല്‍ എ അദ്ധ്യക്ഷനായി. വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവൻ റിപ്പോർട്ട് അവതരിപ്പിച്ചു. എം പി മാരായ കെ സുധാകരന്‍, കെ കെ രാഗേഷ്, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി ലത, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഐ വി നാരായണൻ, കെ എസ് ടി സി ചെയർമാൻ സി ആർ വത്സൻ, എംഡി കെ ടി ജയരാജൻ, സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ ലിമിറ്റഡ് ചെയർമാൻ കെ പി സഹദേവൻ, സംസ്ഥാന കൈത്തറി ക്ഷേമനിധി ബോർഡ് ചെയർമാൻ അരക്കൻ ബാലൻ, കൈത്തറി ആന്റ് ടെക്സ്റ്റൈൽസ് ഡയറക്ടർ കെ സുധീർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.