മാപ്പിള ബേ ഫിഷറീസ് കോംപ്ലക്‌സില്‍ ആരംഭിച്ച മത്സ്യത്തൊഴിലാളി പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു
കണ്ണൂർ: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള മത്സ്യകൃഷിയില്‍ കേരളം വന്‍ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അതിനാല്‍ ഈ മേഖലയിലുള്ളവര്‍ക്ക് വിദഗ്ധ പരിശീലനവും ബോധവല്‍ക്കരണവും നല്‍കേണ്ടത് ആവശ്യമാണെന്നും ഫിഷറീസ് ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. മാപ്പിള ബേ ഫിഷറീസ് കോംപ്ലക്‌സില്‍ ആരംഭിച്ച മത്സ്യത്തൊഴിലാളി പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനൊപ്പം തന്നെ അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി ശ്രദ്ധാപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം തലായി, മഞ്ചേശ്വരം, കൊയിലാണ്ടി, ചേറ്റുവ, മുതലക്കുഴി എന്നിവിടങ്ങളില്‍ ഹാര്‍ബറുകള്‍ പണി പൂര്‍ത്തീകരിച്ച് തുറന്നു കൊടുത്തു. വെള്ളയില്‍, താനൂര്‍, ചെല്ലാനം ഹാര്‍ബറുകളുടെ പണി ഡിസംബറോടെ പൂര്‍ത്തിയാക്കും. ജില്ലകളിലെല്ലാം വിവിധങ്ങളായ വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നത് – മന്ത്രി പറഞ്ഞു.
കടല്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിനായി മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന മറൈന്‍ ഹാച്ചറിക്ക് പഴയങ്ങാടിയില്‍ ഉടന്‍ തുടക്കം കുറിക്കുമെന്നും കേരളത്തിന്റെ ഫിഷറീസ് മേഖലയിലെ വന്‍ മുന്നേറ്റമായി ഇത് മാറുമെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
കണ്ണൂര്‍ ഉപ്പാലവളപ്പിലെ മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഫ്‌ളാറ്റ് നിര്‍മ്മാണം ചില സാങ്കേതിക കാരണങ്ങളാല്‍ അനിശ്ചിതത്വത്തിലായത് ഖേദകരമായ വസ്തുതയാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് വാസയോഗ്യമായ പശ്ചാത്തലമൊരുക്കുക എന്നത് അത്യാവശ്യമാണ്. ഫ്‌ളാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നേരിട്ടിരിക്കുന്ന തടസ്സം നീക്കുന്നതിന് കന്റോണ്‍മെന്റ് അധികാരികളുടെയും ജനപ്രതിനിധികളുടെയും ഭാഗത്തുനിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടാകണമെന്നും വാസയോഗ്യമായ ഒരു വീടെന്ന മത്സ്യതൊഴിലാളികളുടെ അവകാശത്തെ ഹനിക്കുന്നത് ഭരണഘടനാപരമായി നീതി നിഷേധമാണെന്നും മന്ത്രി പറഞ്ഞു.
ആധുനിക മത്സ്യബന്ധന രീതികള്‍, കടല്‍ മത്സ്യസമ്പത്ത് സംരക്ഷണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവിധ പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കുക, ജീവന്‍ സുരക്ഷ പരിശീലനം നല്‍കുക എന്നീ ലക്ഷ്യത്തോടെയാണ് മത്സ്യത്തൊഴിലാളി പരിശീലന കേന്ദ്രം ആരംഭിച്ചത്. 1.23 കോടി രൂപ ചെലവില്‍ 740 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ രണ്ട് നിലകളിലായാണ് പരിശീലനകേന്ദ്രം നിര്‍മ്മിച്ചിച്ചത്. രണ്ട് ട്രെയിനിങ് ഹാള്‍, ഡൈനിങ് ഹാള്‍, ടോയ്ലറ്റുകള്‍ എന്നിവയും രണ്ട് കിടപ്പുമുറി, അടുക്കള, ടോയ്ലറ്റ് എന്നീ സൗകര്യങ്ങളോടുകൂടിയ മൂന്ന് ക്വാര്‍ട്ടേഴ്‌സുകളും ഇവിടെയുണ്ട്.
തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ ചീഫ് എഞ്ചിനീയര്‍ എം എ മുഹമ്മദ് അന്‍സാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ കെ രാഗേഷ് എം പി, ഫിഷറീസ് ഡയറക്ടര്‍ സി എ ലത, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ പി അനില്‍കുമാര്‍ കന്റോണ്‍മെന്റ് ബോര്‍ഡ് വൈസ് പ്രസിഡണ്ട് പി പത്മനാഭന്‍, അംഗം ഷീബ ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍ പങ്കെടുത്തു.