ഒല്ലൂർ നിയോജക മണ്ഡലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് ഗവ ചീഫ് വിപ്പ് അഡ്വ. കെ രാജൻ അറിയിച്ചു. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കോവിഡ് രോഗികൾ ജില്ലയിൽ വർധിച്ച സാഹചര്യത്തിലാണ് യോഗം ചേർന്നത്.
ആളുകൾ കൂടാനിടയുള്ള സ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ സ്വീകരിക്കും. സെക്ടറൽ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിൽ പരിശോധനകൾ കർശനമാക്കും. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം കൃത്യമായി ഉപദേശങ്ങൾ നൽകും. മാർക്കറ്റുകളിൽ ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവരികയും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും.
പൊലീസ് പരിശോധന കർശനമാക്കാനും ജനപ്രതിനിധികളുടെയും ആർ.ആർ.ടീമിന്റെയും സഹായത്തോടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും തീരുമാനിച്ചു. മാടക്കത്തറ, നടത്തറ, പാണഞ്ചേരി എന്നീ പഞ്ചായത്തുകളിലാണ് യോഗം ചേർന്നത്. പുത്തൂർ പഞ്ചായത്തിൽ തിങ്കളാഴ്ച യോഗം ചേരും. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എസ് വിനയൻ, അഡ്വ പി.ആർ രജിത്, അനിത കെ.വി, ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.