മുട്ടം, കുളമാവ് പോലീസ് സ്റ്റേഷനുകൾക്കു പുതിയ കെട്ടിടങ്ങള്‍

അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച മുട്ടം, കുളമാവ് പോലീസ് സ്റ്റേഷനുകളുടെ പുതിയ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. കേരളാ പോലീസ് കാലനുസൃതമനായ സൗകര്യങ്ങളും വികസനവുമാണ് പശ്ചാത്തല സൗകര്യങ്ങളില്‍ ഉണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പോലീസിന് അടിസ്ഥാന സൗകര്യങ്ങള്‍ കാലനുസൃതമായി ഉണ്ടാവണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തെ അനുഭവമെടുത്താല്‍ അടിസ്ഥാന സൗകര്യ വികസനത്തിന് മുന്തിയ പരിഗണന തന്നെ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം സാങ്കേതിക വിദ്യ കൂടി പോലീസിന്റെ ഭാഗമാക്കാനാവുമെന്ന് കഴിഞ്ഞ നാല് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാലറിയാം. അടിസ്ഥാന വികസനത്തിന് പണം ഒരു പ്രശ്‌നമാവില്ലെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. ഇതിന് പുറമേ പോലീസിന്റെ വര്‍ത്തമാന കാല പ്രവര്‍ത്തനത്തെയും മുഖ്യമന്ത്രി അനുസ്മരിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പിനോടൊപ്പം തന്നെ സ്തുത്യര്‍ഹമായ സേവനമാണ് പോലീസ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. സേന നിര്‍ദേശമില്ലെങ്കിലും സ്വയം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ഇത്തരം ആപത്ഘട്ടത്തില്‍ ജനങ്ങളുമായി ഇഴുകിച്ചേര്‍ന്ന് പ്രവര്‍ത്തിക്കാനായത് പോലീസിന്റെ യശസ് ഉയര്‍ത്താനിടയാക്കി. ഇത് തുടര്‍ന്നും നിലനിര്‍ത്താനാവണമെന്നും ഇതിനായുള്ള പ്രവര്‍ത്തനം നടത്തണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. മുട്ടം, കുളമാവ് സ്റ്റേഷനുകള്‍ക്ക് പുറമേ തൃശൂര്‍ സിറ്റിയിലെ കേന്ദ്രീകൃത ലോക്കപ്പ് സംവീധാനം, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലെ ജില്ലാതല പോലീസ് പരിശീലന കേന്ദ്രങ്ങള്‍, പോലീസ് ആസ്ഥാനത്തെ ക്രൈo ആന്‍ഡ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ് വര്‍ക്ക് പരിശീലന കേന്ദ്രം, പോലീസ് സ്റ്റുഡിയോ, തിരുവനന്തപുരത്തെ റെയില്‍വേ പോലീസ് കണ്‍ട്രോള്‍ റൂം എന്നിവയുടെ ഉദ്ഘാടനവും, കണ്ണൂര്‍ സിറ്റി പോലീസ് കോംപ്ലക്‌സിന്റെ തറക്കല്ലിടല്‍ കര്‍മ്മവും മുഖ്യമന്ത്രി നിര്‍വഹിച്ചു.വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ആധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പുതിയ ഓഫീസ് സമുച്ചയങ്ങള്‍ ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. യോഗത്തില്‍ ഡീന്‍ കുര്യാക്കോസ് എം.പി., എം.എല്‍.എ.മാരായ പി.ജെ.ജോസഫ്, റോഷി അഗസ്റ്റ്യന്‍, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ, ലോ ആന്‍ഡ് ഓര്‍ഡര്‍ എ.ഡി.ജി.പി. ഡോ. ഷേക്ക് ദര്‍വേഷ് സാഹേബ്, മുട്ടം പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിള്‍, ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് സിബി ജോസ്, കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പാ വിജയന്‍, കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബിനു, അറക്കുളം ‘ പഞ്ചായത്ത് പ്രസിഡന്റ് ടോമി കുന്നേല്‍, ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പസാമി, അഡി. സൂപ്രണ്ട് ഓഫ് പോലീസ് സുരേഷ് കുമാര്‍ എന്നിവരും വിവിധ പോലീസ് ഉദ്യോഗസ്ഥരും സ്ംസാരിച്ചു. കോവിഡ് ബാധിച്ച് മരിച്ച തൊൊടുപുഴ പോലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ സി.കെ.രാജുവിന് യോഗം അനുശോചനം രേഖപ്പെടുത്തി.