തൃശൂർ : മാടക്കത്തറ ഗ്രാമപഞ്ചായത്തിൽ കേര മാടക്കത്തറ പദ്ധതി പ്രകാരം വികസിപ്പിച്ച ഹൈബ്രിഡ് തെങ്ങിൻ തൈകളുടെ വിതരണോദ്ഘാടനം
ഗവ. ചീഫ് വിപ്പ് അഡ്വ കെ രാജൻ നിർവഹിച്ചു. മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി എസ് വിനയൻ അധ്യക്ഷനായി. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിന്റെയും മാടക്കത്തറ കൃഷിഭവന്റെയും സഹകരണത്തോടെ മാടക്കത്തറ കേര വികസന ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഉല്പാദിപ്പിച്ചതാണ് ടി ×ഡി സങ്കരയിനം തെങ്ങിൻ തൈകൾ. ഉയരം കൂടിയ തെങ്ങുകളെയും ഉയരം കുറഞ്ഞ തെങ്ങുകളെയും മാതൃ- പിതൃ വൃക്ഷമായി പരിഗണിച്ച് ഇവയുടെ പൂമ്പൊടി എടുത്ത് കൃത്രിമ പരാഗണം( പോളിനേഷൻ ) നടത്തിയാണ് ഇവ വികസിപ്പിച്ചെടുത്തത്. ഏകദേശം രണ്ടു വർഷത്തെ കഠിന പ്രയത്നത്തിന്റെ ഫലമായാണ് ഇപ്പോൾ വില്പനയ്ക്ക് പാകമായ തൈകൾ തയ്യാറായത്. കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രത്തിന്റെ 3 ലക്ഷം രൂപയും ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന്റെ നൂതന പ്രൊജക്ടിൽ ഉൾപ്പെടുത്തി 3.15 ലക്ഷം രൂപയും ചെലവഴിച്ചാണ് തൈകൾ ഉൽപ്പാദിപ്പിച്ചത്.

ചടങ്ങിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഐ എസ് ഉമാദേവി, മാടക്കത്തറ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഇന്ദിര മോഹനൻ, എ ഡി എ സത്യ വർമ പി സി, കൃഷി ഓഫീസർ അർച്ചന തുടങ്ങിയവർ പങ്കെടുത്തു.