ഇടുക്കി: പൊന്മുടി ചേലച്ചുവട് നിവാസികളുടെ ദീര്‍ഘകാലത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി. ചേലച്ചുവട് കുടിവെള്ള വിതരണ പദ്ധതിയുടെ ഉദ്ഘാടനം വൈദ്യുതി മന്ത്രി എംഎം മണി നിര്‍വഹിച്ചു. ജനോപകാരപ്രദമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ജനപ്രതിനിധികള്‍ ഒന്നിച്ച് നില്‍ക്കണമെന്ന് കുടിവെള്ള പദ്ധതി  ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി എംഎം മണി പറഞ്ഞു.

വൈദ്യുതി മന്ത്രി എംഎം മണിയുടെ ഇടപെടലുകളെ തുടര്‍ന്നാണ് കുടിവെള്ള പദ്ധതിക്കായി പൊന്‍മുടി ഡാമില്‍ നിന്ന് ജലം എടുക്കുന്നതിന് കെ.എസ്.ഇ.ബിയുടെ  പ്രത്യേക അനുമതി ലഭിച്ചത്.  ഡാമില്‍ നിന്ന് എടുക്കുന്ന ജലം ശുദ്ധീകരീച്ചാണ് കുടിവെള്ള വിതരണം നടത്തുന്നത്. രാജക്കാട് ഗ്രാമപഞ്ചായത്ത് ജലനിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 38 ലക്ഷം രൂപ ചിലവിട്ടാണ് പദ്ധതി നടപ്പാക്കിയത്. മേഖലയിലെ 55 കുടുംബങ്ങള്‍ക്ക്  പദ്ധതിയുടെ പ്രയോജനം ലഭിക്കും.രാജക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി അനില്‍, വികസനകാര്യ സ്ഥിരം സമിതി  അദ്ധ്യക്ഷ ബിന്ദു സതീശന്‍, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എ.ഡി സന്തോഷ്, ഗ്രാമപഞ്ചായത്തംഗം ശോഭന രാമന്‍കുട്ടി, ബിജി സന്തോഷ്, ജലനിധി പദ്ധതി പ്രസിഡന്റ് ബേബി കല്ലിടയില്‍, ജോസ്’ കുന്നുംപുറത്ത് തുടങ്ങിയവര്‍ സംസാരിച്ചു.