പാലക്കാട് ജില്ലയിൽ കോവിഡ് പരിശോധന നിരക്ക് കൂട്ടുമെന്ന് ജില്ലാ കലക്ടർ ഡി. ബാലമുരളി പറഞ്ഞു. നിലവിൽ ദിവസം 2000 മുതൽ 5000 ത്തിനടുത്ത് വരെ എന്ന തോതിലാണ് ജില്ലയിൽ പരിശോധന നടക്കുന്നതെന്ന് സംസ്ഥാന നോഡൽ ഓഫീസർ ഡോ. ജഗദീഷ് പറഞ്ഞു.

ഇതിൽ സ്വകാര്യ ആശുപത്രികൾ നടത്തുന്ന കണക്കും ഉൾപ്പെടും. ദിവസത്തിൽ 6000 എന്ന തോതിൽ പരിശോധന നടത്താനാണ് തീരുമാനം. മന്ത്രി എ.കെ ബാലൻ നടത്തിയ ഉദ്യോഗസ്ഥരുടെ കോ വിഡ് പ്രതിരോധ അവലോകനയോഗത്തിൽ ആണ് പരിശോധന തോത് കൂട്ടുന്നത് സംബന്ധിച്ച നിർദ്ദേശമുണ്ടായത്.

നിലവിൽ പാലക്കാട് ജില്ലയിൽ 7516 കേസുകളാണ് ഉള്ളത്. ഇതിൽ 5830 പേർ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. 1410 പേർ എഫ്.എൽ.ടി.സി കളിലടക്കം വിവിധ ഹോസ്പിറ്റലുകളിൽ ചികിത്സയിലുണ്ട്. സജീവമായിരിക്കുന്ന എഫ് എൽ ടി സി കളിൽ 1430 ബെഡുകൾ സജ്ജമാണ്. ഇതിൽ 603 രോഗികളാണ് ഉള്ളത്. മാങ്ങോട് കരുണ മെഡിക്കൽ കോളെജിലും കിൻഫ്രയിലും ഐ.സി.യു ബെഡ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഒരുക്കുമെന്ന് ഡോ. ജഗദീഷ് പറഞ്ഞു.ജില്ലാ ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി അടിയന്തിര യോഗം ചേരുമെന്നും ഡോ.ജഗദീഷ് മന്ത്രിയുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.ജില്ലയിൽ മൊത്തം 40 കോവിഡ് വെൻ്റിലേറ്ററുകളും 20 നോൺ കോവിഡ് വെൻ്റിലേറ്ററുകളും ഉണ്ട്.

പുറമേ മറ്റ് തരത്തിലുമുള്ളത് ഉൾപ്പെടെ മൊത്തം 106 വെൻറിലേറ്ററുകൾ ലഭ്യമാണ്. കൂടാതെ സ്വകാര്യമേഖലയിൽ 96 വെൻ്റിലേറ്ററുകളും ഉണ്ട്. സ്വകാര്യആശുപത്രികളിൽ കോവിഡ് ചികിത്സാ ചിലവുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച യോഗം ചേരുമെന്ന് ജില്ലാ കലക്ടർ യോഗത്തിൽ അറിയിച്ചു. കൂടാതെ വാളയാർ ചെല്ലങ്കാവ് വ്യാജമദ്യ ദുരന്ത പശ്ചാത്തലത്തിൽ പരിശോധന ഊർജ്ജിതമാക്കാൻ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർക്ക് മന്ത്രി നിർദ്ദേശം നൽകി.

ഓൺലൈൻ അവലോകനയോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.പി റീത്ത, ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ.കെ. എ നാസർ, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ്. ഷാജി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു.