നാട്ടിക ഗ്രാമപഞ്ചായത്ത്‌ അതിനിയത്രിത മേഖലയായി പ്രഖ്യാപിച്ചതോടെ
ഓരോ ദിവസവും നിശ്ചിത പലവ്യഞ്ജന കടകൾ മാത്രം തുറക്കാൻ പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം. രാവിലെ 8 മണി മുതൽ വൈകീട്ട് 5 വരെയായിരിക്കും ഇവയുടെ പ്രവർത്തനം അനുവദിക്കുക. ഓരോ ദിവസവും തുറക്കേണ്ട കട ഏതെന്ന് വ്യാപാരി പ്രതിനിധികൾ തീരുമാനിക്കും. മെഡിക്കൽ ഷോപ്പുകൾക്ക് പ്രവർത്തിക്കാം. മറ്റ് വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ പാടില്ല.

പഞ്ചായത്തിൽ ലിങ്ക് റോഡുകൾ എല്ലാം അടയ്ക്കും. സർക്കാർ ഓഫീസുകൾ അമ്പത് ശതമാനം ജീവനക്കാരെ വച്ച് പ്രവർത്തിക്കും. ബാങ്കുകൾ ഉച്ച 2 മണി വരെ പ്രവർത്തിക്കും.
പഞ്ചായത്തിലെ എല്ലാ വാർഡുകളും കണ്ടെയ്ൻമെൻ്റ് സോണായിരിക്കും.
പൊതു ഇടങ്ങളിലും കടകളിലും മൂന്നിൽ കൂടുതൽ പേർ കൂട്ടം കൂടാൻ പാടില്ല. മത്സ്യം മാംസം വഴിയോര കച്ചവട വിൽപ്പന നിരോധിക്കും. ആരാധനാലയങ്ങളിൽ ചടങ്ങുകൾ മാത്രമാക്കും. ഭക്തരെ പ്രവേശിപ്പിക്കില്ല
പ്രതിദിനം 30ൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്താൽ തദ്ദേശസ്ഥാപനം അടച്ചിടും എന്ന നിയന്ത്രണത്തിൻ്റെ ഭാഗമായാണ് തീരുമാനം. ഇവിടെ ആറ് ഉറവിടമറിയാത്ത കോവിഡ് കേസുകളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
നാട്ടിക പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് അധികൃതർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ്, വ്യാപാരി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.