തൃശൂർ  ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ കലക്ടറുടെ നേതൃത്വത്തിൽ വിവിധ വ്യാപാരി, വ്യവസായി സംഘടനാ നേതാക്കളുമായി ഓൺലൈനായി ചർച്ച നടത്തി.
കടകൾ സുരക്ഷിതമായി പ്രവർത്തിക്കാൻ തയ്യാറാകണമെന്നും ബോധവത്ക്കരണത്തിനായി സംഘടനാ നേതാക്കൾ നേരിട്ട് രംഗത്തിറങ്ങണമെന്നും കലക്ടർ ആവശ്യപ്പെട്ടു. ഇതിനുള്ള എല്ലാ സഹായങ്ങളും ഉറപ്പു നൽകിയ കലക്ടർ വരുന്ന ഒരാഴ്ച കർശന നിയന്ത്രണങ്ങളിലേക്ക് കടക്കുമെന്നും അറിയിച്ചു.
സ്ഥതിഗതികൾ നിയന്ത്രണ വിധേയമാക്കി രോഗവ്യാപനം കുറയ്ക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുന്നതിൻ്റെ ഭാഗമായായിരുന്നു യോഗം.
മൂന്നാഴ്ചയായി നഗരത്തിലെ പ്രധാന മാർക്കറ്റുകൾ അടച്ചിട്ടിരിക്കുന്നതിൻ്റെ ബുദ്ധിമുട്ടുകൾ വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ ഉന്നയിച്ചു. നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാൻ തയ്യാറാണ്. രോഗമുക്തിക്കനുസരിച്ച് കടകൾ തുറക്കാൻ ഇളവുകൾ നൽകണം. ഹോട്ടൽ മേഖല ഉൾപ്പെടെ പ്രതിസന്ധിയിലാണെന്ന് ബന്ധപ്പെട്ട സംഘടന നേതാക്കൾ അറിയിച്ചു.
കോർപ്പറേഷൻ പരിധിയിൽ ഉൾപ്പെടെ രോഗവ്യാപനം വർധിക്കുമ്പോഴും ജനങ്ങൾ ജാഗ്രത പാലിക്കുന്നില്ലെന്ന് മേയർ അജിത ജയരാജൻ പറഞ്ഞു.
പൊതു സ്ഥലങ്ങളിൽ ജനങ്ങൾ ബ്രേക് ദ ചെയിൻ നിയമ ലംഘനം
നടത്തുന്നതായി ഡി എം ഒ കെ ജെ റീന പറഞ്ഞു. പല വ്യാപാര സ്ഥാപനങ്ങളും നിയമങ്ങൾ പാലിക്കുന്നില്ല.
സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യ, ഡെപ്യൂട്ടി കലക്ടർ മധു, പിആർഒ ഡോ എം ജയപ്രകാശ്, ആർടിഒ ജയിംസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.