എറണാകുളം: ലൈഫ് മിഷൻ-പി.എം.എ.വൈ പദ്ധതി പ്രകാരം നോര്‍ത്ത് പറവൂര്‍ നഗരസഭയില്‍ ഒരു കുടുംബത്തിലെ ആറു പേർക്കായി ഒരുക്കിയ ഫ്ലാറ്റ് സമുച്ചയത്തിൻറെ താക്കോല്‍ദാനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ. സി മൊയ്തീൻ ഓണ്‍ലൈൻ ആയി നിര്‍വ്വഹിച്ചു. ഹഡ്കോയുടെ കോര്‍പ്പറേറ്റ് റെസ്പോണ്‍സിബിലിറ്റി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച 11 വീടുകളുടെ താക്കോല്‍ ദാനവും മന്ത്രി നിര്‍വ്വഹിച്ചു.

നോര്‍ത്ത് പറവൂര്‍ നഗരസഭയുടെ ഈ പ്രവര്‍ത്തനം കേരളത്തിന് ആകെ മാതൃകയാണെന്ന് മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. പറവൂർ എം. എൽ. എ. വി. ഡി സതീശൻ അധ്യക്ഷത വഹിച്ചു. വീടുകളുടെ താക്കോൽ ദാനവും എം. എൽ.. എ നിർവഹിച്ചു

സംസ്ഥാനത്തു തന്നെ ആദ്യമായി പറവൂർ നഗരസഭയിലാണ് ഒരേ കുടുംബത്തിലെ ആറു പേർക്ക് ലൈഫ് -പി. എം. എ. വൈ പദ്ധതി പ്രകാരം വീട് അനുവദിച്ചത്. സ്റ്റേഡിയത്തിന് സമീപം ദാക്ഷായണിക്ക് കുടിക്കിടപ്പായി ലഭിച്ച സ്ഥലത്താണ് പാർപ്പിട സമുച്ചയം നിർമിച്ചിട്ടുള്ളത്.ദാക്ഷായണിയുടെ ഏഴു മക്കളിൽ ആറു പേരും ലൈഫ് പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിച്ചിരുന്നു.

ദാക്ഷായണിയുടെ മക്കളായ ശശി, രാജേഷ്, കണ്ണൻ,സെൽവൻ, പ്രേം കുമാർ, വിജയ എന്നിവർക്കാണ് വീട് അനുവദിച്ചത്. 2019 ഇൽ ഓരോ കുടുംബത്തിനും 425000 അനുവദിച്ചു. ഭൂമി പരിമിതി മറികടക്കാനായാണ് ഭവന സമുച്ചയം എന്ന ആശയം മുന്നോട്ട് വന്നത്.

സർക്കാർ മാനദണ്ഡങ്ങൾക്ക് അനുസരിച്ചു 450 ചതുരശ്ര അടി വിസ്തീര്ണമുള്ള വീടുകൾ ആണ് ഓരോ കുടുംബത്തിനും നിർമ്മിച്ചു നൽകിയത്. രണ്ട് മുറി, അടുക്കള, ഹാൾ, ബാത്റൂം എന്നിവ ഓരോ വീടിനുമുണ്ട്. 25.25 ലക്ഷം രൂപയാണ് ആകെ നിർമാണ ചെലവ്.
പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഒൻപതു ലക്ഷം രൂപയും സംസ്ഥാന സർക്കാരിന്റെ മൂന്നു ലക്ഷം രൂപയും നഗരസഭയുടെ 12 ലക്ഷം രൂപയും തൊഴിലുറപ്പ് പദ്ധതി പ്രകാരം ഒന്നേ കാൽ ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.

ഹഡ്ക്കോയുടെ സി. എസ്. ആർ ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ചാണ് 11 കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകിയത്. 2018 ലെ പ്രളയത്തിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങൾ പറവൂരിൽ സംഭവിച്ചിരുന്നു. അത്തരത്തിൽ വീട് നഷ്ടപ്പെട്ടവർക്കാണ് വീടുകൾ നിർമിച്ചു നൽകിയിട്ടുള്ളത്. കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന രണ്ട് കൺസ്ട്രക്ഷൻ ഗ്രൂപ്പുകൾ ആണ് വീടുകളുടെ നിർമാണം ഏറ്റെടുത്തു പൂർത്തിയാക്കിയത്.5.6 ലക്ഷം രൂപയാണ് ഒരു വീടിന്റെ നിർമാണത്തിനായി ഹഡ്കോ നൽകിയത്.