രണ്ട് ടഗ്ഗുകളും കടലിലിറങ്ങി

കൊല്ലം തുറമുഖത്തെ മൾട്ടിപർപ്പസ് പാസഞ്ചർ ടെർമിനലിന്റെയും രണ്ട് ടഗ്ഗുകളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിൽ നിർവഹിച്ചു. കൊല്ലം തുറമുഖത്ത് നിലവിലുള്ള 178 മീറ്റർ വാർഫിന് പുറമെയാണ് 20 കോടി രൂപ ചെലവഴിച്ച് 100 മീറ്റർ നീളത്തിൽ പുതിയ മൾട്ടി പർപ്പസ് ടെർമിനിൽ നിർമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യാത്രാകപ്പലുകൾ ഇല്ലാത്ത സമയത്ത് ഇവിടെ കാർഗോ കപ്പലുകൾ അടുപ്പിക്കാനാവും. കൊല്ലവും ലക്ഷദ്വീപും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും മിനിക്കോയ് കൊല്ലം വിനോദസഞ്ചാര പാതയ്ക്കുള്ള സാധ്യത തുറക്കാനും ഇതിലൂടെ സാധിക്കും. തെക്കൻ കേരളത്തിലെ വ്യവസായ വാണിജ്യ ഉത്പാദനത്തെയും മത്‌സ്യബന്ധന മേഖലയുടെ വളർച്ചയ്ക്കും സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

3.20 കോടി രൂപ ചെലവഴിച്ചാണ് രണ്ടു പുതിയ മോട്ടോർ ടഗ്ഗുകൾ നിർമിച്ചത്. ധ്വനി, മിത്ര എന്ന് പേരിട്ടിരിക്കുന്ന ടഗ്ഗുകൾ ഇടത്തരം കപ്പലുകൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതാണ്. ഒരു ടഗ്ഗ് കൊല്ലത്തും മറ്റൊന്ന് ബേപ്പൂരുമാണ് കമ്മീഷൻ ചെയ്യുന്നത്. എല്ലാവിധ ആധുനിക ഉപകരണങ്ങളും ടഗ്ഗുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ മുഖ്യാതിഥിയായിരുന്നു.