പമ്പാനദീതീര ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു

നദീതീരത്തെ ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതിയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിന് ജൈവവൈവിധ്യങ്ങളിൽ നിന്ന് പ്രദേശവാസികൾക്ക് ജീവനോപാധിയ്ക്കുള്ള മാർഗം അവലംബിക്കുന്നതിന് സാങ്കേതിക പരിശീലനം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുടുംബശ്രീ വഴിയാണ് പരിശീലനം നൽകുക. പമ്പാനദീതീര ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജൈവവൈവിധ്യ സംരക്ഷണ പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനും സുസ്ഥിരത ഉറപ്പാക്കുന്നതിനും പൊതുജന പങ്കാളിത്തം ഉറപ്പ് വരുത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. 2018ലെ പ്രളയം വലിയ ജൈവവൈവിധ്യ നാശം ഉണ്ടാക്കി. പമ്പാനദിയുടെ ഇരുകരകളിലെയും ജൈവവൈവിധ്യം അപ്പാടെ നഷ്ടപ്പെട്ടു.

പമ്പാതീരത്തെ ജൈവവൈവിധ്യം പരമാവധി പുനരുജ്ജീവിപ്പിച്ച് നദിയെ സംരക്ഷിക്കുന്നതിനായാണ് രണ്ടു കോടി രൂപ ചെലവിൽ റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതി നടപ്പിലാക്കുന്നത്.
പ്രകൃതിയുമായി ബന്ധപ്പെട്ട പുനരുജ്ജീവന പ്രവർത്തനങ്ങൾ അതാതു പ്രദേശത്തിന്റെ ഭൂപ്രകൃതിയ്ക്കും ആവാസവ്യവസ്ഥയ്ക്കും യോജിച്ച രീതിയിലായിരിക്കണമെന്ന് മഹാപ്രളയത്തെ തുടർന്ന് യു.എൻ. നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇത് ഉൾക്കൊണ്ടാണ് പമ്പാ നദീതീരത്ത് പദ്ധതി നടപ്പിലാക്കുന്നത്. ജൈവവൈവിധ്യശോഷണം കൂടുതലായി സംഭവിച്ചിട്ടുള്ള ഇലന്തൂർ, കോയിപ്പുറം, റാന്നി ബ്ലോക്ക് പഞ്ചായത്തുകളിലുൾപ്പെട്ട ചെറുകോൽ, കോഴഞ്ചേരി, അയിരൂർ, റാന്നി, പഴവങ്ങാടി, അങ്ങാടി, പെരുനാട്, വടശ്ശേരിക്കര, വെച്ചൂച്ചിറ, നാറണംമൂഴി എന്നീ 10 ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ തദ്ദേശീയവും വംശനാശഭീഷണി നേരിടുന്നതും പ്രദേശവാസികളുടെ ജീവസന്ധാരണത്തിന് പ്രയോജനപ്രദവുമാകുന്ന 64 സസ്യയിനങ്ങളുടെ തൈകളാണ് നട്ടുപിടിപ്പിക്കുന്നത്. പഞ്ചായത്തുകളിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെയാണ് തൈ വികസിപ്പിക്കൽ, തൈ നടീൽ, തൈപരിപാലനം എന്നിവ നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ രാജു എബ്രഹാം എം.എൽ.എ അധ്യക്ഷത വഹിച്ചു.