തരൂര്‍ മണ്ഡലത്തിലെ തരൂര്‍, കോട്ടായി, കാവശ്ശേരി ഗ്രാമപഞ്ചായത്തുകളില്‍ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് 60 ലക്ഷം ചെലവില്‍ നടപ്പാക്കുന്ന നാല് കുടിവെള്ള പദ്ധതികളുടെ നിര്‍മാണോദ്ഘാടനവും 62.5 ലക്ഷം ചെലവില്‍ പൂര്‍ത്തിയാക്കിയ നൊച്ചൂര്‍ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്കക്ഷേമ- നിയമ- സാംസ്‌കാരിക- പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ ബാലന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.
തരൂര്‍ മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാന്‍ ചെറുതും വലുതുമായ നിരവധി പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്ന് മന്ത്രി പറഞ്ഞു. കുത്തന്നൂര്‍-പെരിങ്ങോട്ടുകുറിശ്ശി സമഗ്ര കുടിവെള്ള പദ്ധതി രണ്ട് ഘട്ടങ്ങളിലായി 24 കോടി ചെലവഴിച്ചാണ് പൂര്‍ത്തീകരിച്ചത്. ഇതിന്റെ ഭാഗമായി കുത്തന്നൂര്‍, പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തുകളില്‍ എല്ലാ ഭാഗത്തും കുടിവെള്ളം എത്തിക്കാന്‍ സാധിച്ചു. കുടിവെള്ളക്ഷാമം രൂക്ഷമായിരുന്ന ചൂലന്നൂര്‍ പ്രദേശത്തും ഇതുവഴി കുടിവെള്ളമെത്തിക്കാന്‍ സാധ്യമായിട്ടുണ്ട്.
വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, വണ്ടാഴി പഞ്ചായത്തുകള്‍ക്കുള്ള കുടിവെള്ള പദ്ധതി 95 കോടി ചെലവഴിച്ചാണ് നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 20 കോടി രൂപയുടെ ഒന്നാംഘട്ടം വാട്ടര്‍ അതോറിറ്റിയും 75 കോടി രൂപയുടെ രണ്ടാംഘട്ടം കിഫ്ബി പദ്ധതി മുഖേനയുമാണ് നടപ്പാക്കുന്നത്. ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
മണ്ഡലത്തില്‍ ആകെ 16 പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. ഒരു മേജര്‍ പദ്ധതി ഉള്‍പ്പെടെ അഞ്ചു പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. മറ്റു പദ്ധതികള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ആകെ 64 കോടി രൂപയുടെ ചെറുകിട പദ്ധതികളാണ് നിലവില്‍ വിഭാവനം ചെയ്തിട്ടുള്ളത്. ഇതിനുപുറമേ ജലജീവന്‍ മിഷന്‍ ആവിഷ്‌കരിച്ച പുതിയ പദ്ധതിയും മണ്ഡലത്തില്‍ നടപ്പാക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കുത്തന്നൂര്‍, പെരിങ്ങോട്ടുകുറിശ്ശി, കണ്ണമ്പ്ര, പുതുക്കോട്, തരൂര്‍ എന്നീ പഞ്ചായത്തുകളിലായി 1100 ഗാര്‍ഹിക കണക്ഷനുകളാണ് ഒന്നാം ഘട്ടത്തില്‍ പദ്ധതി പ്രകാരം നല്‍കുന്നത്. ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോമിക്കുന്നു. മണ്ഡലത്തില്‍ 53321 വീടുകളില്‍ 13495 വീടുകള്‍ക്കാണ് നിലവില്‍ വാട്ടര്‍ കണക്ഷനുള്ളത്. ബാക്കിയുള്ള 39826 വീടുകള്‍ക്ക് 2024 ഓടുകൂടി ഈ പദ്ധതിയിലൂടെ കണക്ഷന്‍ ലഭിക്കും. കുടിവെള്ളക്ഷാമത്തിന് പ്രകൃതിയെ കൂടി സംരക്ഷിച്ചുകൊണ്ട് മാത്രമേ ഭാവിയില്‍ പരിഹാരം കാണാന്‍ സാധിക്കു. ജലസ്രോതസ്സുകള്‍ സംരക്ഷിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ജലജീവന്‍ മിഷന്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതെന്നും ഇതിന് ജനകീയ പങ്കാളിത്തം ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

നാല് പദ്ധതികളുടെ നിര്‍മാണോദ്ഘാടനവും ഒരു പ്രവര്‍ത്തനോദ്ഘാടനവും നടന്നു
15 ലക്ഷം രൂപ ചെലവില്‍ തരൂര്‍ കൊര്‍ണംങ്കോട് കുടിവെള്ള പദ്ധതി, 10 ലക്ഷം രൂപ വീതം ചെലവഴിച്ച് കാവശ്ശേരി കാഞ്ഞിരകുളമ്പ് കുടിവെള്ള പദ്ധതി, കാവശ്ശേരി സ്‌കൂള്‍പടി കുടിവെള്ള പദ്ധതി, 25 ലക്ഷം രൂപ ചെലവില്‍ കോട്ടായി പഞ്ചായത്തിലെ മുട്ടിക്കടവ് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയുടെ നിര്‍മാണോദ്ഘാടനം, 62 ലക്ഷം അനുവദിച്ച് വാട്ടര്‍ അതോറിറ്റി മുഖേന പൂര്‍ത്തിയാക്കിയ തരൂര്‍ നൊച്ചൂര്‍ അഞ്ചാം വാര്‍ഡ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം എന്നിവയാണ് മന്ത്രി നിര്‍വഹിച്ചത്. എല്‍ എസ് ജി ഡി നടപ്പാക്കുന്ന പദ്ധതികളുടെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായിട്ടുണ്ടെന്നും നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
തരൂര്‍ നൊച്ചൂര്‍ പ്രദേശത്ത് അഞ്ചാം വാര്‍ഡില്‍ വാട്ടര്‍ അതോറിറ്റി മുഖേന നിര്‍മാണം പൂര്‍ത്തിയാക്കിയ കുടിവെള്ള പദ്ധതിക്ക് 62 ലക്ഷം രൂപയുടെ ഭരണാനുമതി 2019 ല്‍ ലഭിച്ചിട്ടുണ്ട്. പദ്ധതി പ്രദേശത്ത് നിലവില്‍ കുഴല്‍കിണറുകള്‍ സ്രോതസ്സായുള്ള മിനി കുടിവെള്ള പദ്ധതികള്‍ ഉണ്ടെങ്കിലും ആവശ്യമായ കുടിവെള്ളം ലഭ്യമായിരുന്നില്ല. പുതിയ പദ്ധതി പ്രകാരം പ്രദേശത്തെ മുഴുവന്‍ ആളുകള്‍ക്കും കുടിവെള്ളം ലഭ്യമാകും. ആലത്തൂര്‍ തോലന്നൂര്‍ റോഡില്‍ നൊച്ചൂര്‍ ജംഗ്ഷന്‍ മുതല്‍ തരൂര്‍ പള്ളി വരെ 5400 മീറ്റര്‍ നീളത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചാണ് കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാക്കിയത്. മുന്നൂറില്‍പ്പരം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. നിലവില്‍ 65 ലധികം കുടുംബങ്ങള്‍ക്ക് വാട്ടര്‍ കണക്ഷന്‍ നല്‍കും. പെരിങ്ങോട്ടുകുറിശ്ശി കുത്തന്നൂര്‍ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്.
പരിപാടിയില്‍ ആലത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ചാമുണ്ണി അധ്യക്ഷനായി. എല്‍ എസ് ജി ഡി ജില്ലാ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അനീഷ്, വാട്ടര്‍ അതോറിറ്റി പാലക്കാട് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തോമസ് ജോണ്‍ എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പ്രീത, കാവശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സി ഭാമ, തരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.