മലമ്പുഴ ഡാമും കനാലുകളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച മലമ്പുഴ ജലസേചനപദ്ധതി ജലവിതരണ ക്രമവും നവീകരണ നിര്‍ദ്ദേശങ്ങളും കരട് അവതരിപ്പിച്ചു. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മലമ്പുഴ ജലസേചനപദ്ധതി ഉപദേശക സമിതി യോഗത്തിലാണ് കരട് അവതരിപ്പിച്ചത്. റിപ്പോര്‍ട്ടില്‍ മലമ്പുഴ ഡാമിന് കീഴില്‍ വരുന്ന ചേരാമംഗലത്തിന്റെ പ്രോജക്ട് റിപ്പോര്‍ട്ട്, മന്ത്രി, എംഎല്‍എമാര്‍, പ്രൊജക്റ്റ് അഡൈ്വസറി കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കും. വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയതിനു ശേഷം കനാലുകളില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിക്കും.
മലമ്പുഴ ജലസംഭരണിയുടെ സംഭരണശേഷി, ചോര്‍ച്ച, കനാല്‍ ശൃംഖലകളുടെ കേടുപാടുകള്‍ എന്നിവ മൂലം ലക്ഷ്യ സ്ഥാനങ്ങളിലേക്ക് വെള്ളം ശരിയായ രീതിയില്‍ വിതരണം ചെയ്യാന്‍ കഴിയാത്തത് മലമ്പുഴ ജലസേചനപദ്ധതിയുടെ കാര്യക്ഷമത കുറയ്ക്കുന്നതായി കണ്ടെത്തിയിരുന്നു. നെല്‍കൃഷിക്ക് ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനാല്‍ നെല്‍ കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ച് മറ്റു കൃഷികളിലേക്ക് വഴിമാറി പോകുന്നതിനു ഇത് കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഡാമില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ ചെയ്ത് ജലവിതരണ ക്രമം നടപ്പാക്കുന്നത് സംബന്ധിച്ച് പദ്ധതി തയ്യാറാക്കുന്നതിന് ജലസേചന വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍ദ്ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കെ വി വിജയദാസ് എം.എല്‍.എ ജില്ലയിലെ കൃഷി ഉദ്യോഗസ്ഥരുടെയും മലമ്പുഴ ജലസേചനപദ്ധതി ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം വിളിച്ചുചേര്‍ത്ത് മലമ്പുഴ ഡാമിന്റെയും അനുബന്ധ നിര്‍മ്മിതികളുടെയും കൃഷിയുടെയും നവീകരണത്തിന് ആവശ്യമായ വിശദമായ പദ്ധതികള്‍ തയ്യാറാക്കി. തുടര്‍ന്ന് പ്രദേശത്ത് കൃഷി ഉദ്യോഗസ്ഥരും എന്‍ജിനീയര്‍മാരും സ്ഥല പരിശോധന നടത്തി തയ്യാറാക്കിയ നിര്‍ദ്ദേശങ്ങളാണ് കരടില്‍ ചേര്‍ത്തിരിക്കുന്നത്.
രണ്ടാം വിളക്കായി ഡാമുകള്‍ തുറക്കുന്നതു സംബന്ധിച്ചും യോഗത്തില്‍ ധാരണയായി. മലമ്പുഴ ഇടതുകര, വലതുകര കനാലുകള്‍ ചേരാമംഗലം എന്നിവ നവംബര്‍ 15 ന് തുറക്കും. പോത്തുണ്ടി ഡാം നവംബര്‍ 15 നും മംഗലം ഡാം നവംബര്‍ അഞ്ചിനും തുറക്കും. ഫെബ്രുവരി അവസാനം വരെ ഡാമുകള്‍ തുറന്നിരിക്കും. ഡിസംബറില്‍ ചേരുന്ന പദ്ധതി ഉപദേശക സമിതി യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എ മാരായ കെ.വി വിജയദാസ്, കെ.ഡി പ്രസേനന്‍, മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഡി.അനില്‍കുമാര്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി.സുരേഷ് ബാബു, പി എ സി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.