അടിമാലി ടെക്നിക്കല്‍ ഹൈസ്‌കൂളിന്റെ പണിപൂര്‍ത്തികരിച്ച അക്കാദമിക് ബ്ലോക്കിന്റെ പ്രവര്‍ത്തന ഉദ്ഘാടനം ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ 1980 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചതാണ് അടിമാലി ടെക്നിക്കല്‍ ഹൈസ്‌കൂള്‍. പതിറ്റാണ്ടുകള്‍ വാടക കെട്ടിടങ്ങളിലായാണ് സ്‌കൂളിന്റെ പ്രവര്‍ത്തനം നടന്നിരുന്നത്. രണ്ടാമത്തെ അക്കാദമിക് ബ്ലോക്കിന്റെ നിര്‍മ്മാണംകൂടി പൂര്‍ത്തിയായതോടെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട പഠനാന്തരീക്ഷമാണ് ഒരുങ്ങുന്നത്. 5.5 കോടി രൂപ മുതല്‍മുടക്കി മൂന്ന് നിലകളിലായാണ് പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണം. ക്ലാസ് റൂമുകള്‍, സയന്‍സ് ലാബ്, കോണ്‍ഫ്രന്‍സ് ഹാള്‍, ഇലക്ട്രിക്കല്‍ ലാബ് തുടങ്ങിയവയും പുതിയ ബ്ലോക്കില്‍ ഉള്‍പ്പെടുന്നു. ചടങ്ങില്‍ അടിമാലി ഗ്രാമപഞ്ചായത്ത് മെമ്പര്‍ മഞ്ജു ബിജു, സ്‌കൂള്‍ സൂപ്രണ്ട് അസഫ് അലി എംഎം, പി.റ്റി.എ വൈസ്പ്രസിഡന്റ് റബീഷ് പുരുഷോത്തമന്‍,മുന്‍ വൈസ് പ്രസിഡന്റ് എം കമറുദ്ദീന്‍, രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍, അസി. എഞ്ചിനിയര്‍ രാജേഷ് എച്ച് തുടങ്ങിയവര്‍ സംസാരിച്ചു.