നാടൊട്ടാകെ പകര്‍ച്ചരോഗങ്ങള്‍ക്കെതിരെ കൈകോര്‍ക്കുകയാണിപ്പോള്‍. ശുചിത്വപാലനത്തിന്റെ പാഠങ്ങളും ആരോഗ്യജാഗ്രതാ നിര്‍ദ്ദേശങ്ങളുമായി പ്രതിരോധക്കൂട്ടായ്മകള്‍ തുടരുകയുമാണ്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യവകുപ്പ്, ഗ്രാമവികസന വകുപ്പ്, ശുചിത്വമിഷന്‍ എന്നിവയുടെ സഹകരണത്തോടെ തുടരുന്ന സെമിനാര്‍ പരമ്പരയുടെ ഭാഗമായാണ് എല്ലാ നിയമസഭ നിയോജകമണ്ഡലങ്ങളിലും ബോധവത്കരണ സെമിനാറുകള്‍ തുടരുന്നത്.
സമ്പൂര്‍ണ ശുചിത്വം ഉറപ്പാക്കിയാല്‍ മഴക്കാല രോഗങ്ങളെ അകറ്റി നിറുത്താനാകുമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ പറഞ്ഞു. കുന്നത്തൂര്‍ മണ്ഡലത്തിലെ സെമിനാര്‍ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേനല്‍ച്ചൂടിന്റെ കാഠിന്യത്തിനിടയിലും ശുചീകരണം സമ്പൂര്‍ണമാക്കി രോഗപ്രതിരോധ പ്രവര്‍ത്തനത്തില്‍ മുന്നിട്ടിറങ്ങാന്‍ ഓരോരുത്തരും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ കലാദേവി, വൈസ് പ്രസിഡന്റ് ശിവന്‍പിള്ള അംഗങ്ങളായ അരുണാമണി, അക്കരയില്‍ ഹുസൈന്‍, അഡ്വ. തോമസ് വൈദ്യന്‍ ബി.ഡി.ഒ ഇ. അബ്ദുല്‍ സലാം എന്നിവര്‍ സംസാരിച്ചു.
ഡോ. വീണ, ഡോ. ഫിലിപ് തോമസ് വൈദ്യന്‍, എന്‍. പ്രദീപ്, കെ.എം. വിനോദ് എന്നിവരാണ് ക്ലാസുകളെടുത്തത്. കുടുംബശ്രീ അംഗങ്ങള്‍, ആശാ വര്‍ക്കര്‍മാര്‍, ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൊട്ടാരക്കരയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. ബാലഗോപാല്‍ അധ്യക്ഷനായി. ബി.ഡി.ഒ. എം.എസ്. അനില്‍കുമാര്‍ ആശംസ നേര്‍ന്നു. ഡോ. ജ്യോതിലാല്‍ ക്ലാസ് നയിച്ചു.  ആരോഗ്യ പ്രവര്‍ത്തകരും കുടുംബശ്രീ അംഗങ്ങളും, ആശാവര്‍ക്കര്‍മാരും, വകുപ്പ്തല ഉദ്യോഗസ്ഥരും പങ്കെടുത്തു.
ചാത്തന്നൂര്‍ മണ്ഡലത്തിലെ സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മായാ സുരേഷ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സന്‍ എസ്. ലൈല അധ്യക്ഷയായി. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സന്‍ ഷെര്‍ളി സ്റ്റീഫന്‍, ബി.ഡി.ഒ ശരത്ചന്ദ്രക്കുറുപ്പ് എന്നിവരും പങ്കെടുത്തു. ഡോ. ഗീതാഞ്ജലി അന്തര്‍ജനം, ആശാ ജോസ് എന്നിവര്‍ ക്ലാസെടുത്തു.
നാളെ (മാര്‍ച്ച് 26) ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ആരോഗ്യ ബോധവത്ക്കരണ സെമിനാറിന്റെ ഉദ്ഘാടനം രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി നിര്‍വഹിക്കും.
ചിറ്റുമല ബ്ലോക്ക് ഓഫീസ്, പുനലൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളില്‍ അതാത് നിയമസഭാ മണ്ഡലങ്ങളിലെ സെമിനാര്‍ നാളെ (മാര്‍ച്ച് 26)   ഉച്ചയ്ക്ക് രണ്ടിന് നടക്കും.