മള്‍ട്ടിപര്‍പ്പസ് പാസഞ്ചര്‍ കം കാര്‍ഗോ ടെര്‍മിനല്‍ യാഥാര്‍ഥ്യമായി

കൊല്ലം തുറമുഖത്തിന്റെ മങ്ങിപ്പോയ പ്രാധാന്യം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും തെക്കന്‍ കേരളത്തിന്റെ വാണിജ്യ വ്യാവസായിക ഉത്പാദനം മെച്ചപ്പെടുത്താന്‍  തുറമുഖ വികസനം വഴി സാധിക്കുമെന്നും  മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം  തുറമുഖ വികസനത്തിന്റെ ഭാഗമായി സ്ഥാപിച്ച മള്‍ട്ടിപര്‍പ്പസ് പാസഞ്ചര്‍ കം  കാര്‍ഗോ ടെര്‍മിനല്‍, ഷിപ്പിംഗ് ജോലി സുഗമമാക്കുന്നതിനായി നിര്‍മ്മിച്ച ധ്വനി  മോട്ടോര്‍ ടഗ് എന്നിവ നാടിന് സമര്‍പ്പിക്കുകയായിരുന്നു മുഖ്യമന്ത്രി.
കൊല്ലം തുറമുഖ വികസനത്തില്‍ പ്രത്യേക ശ്രദ്ധയാണ് സര്‍ക്കാര്‍ പുലര്‍ത്തി വരുന്നത്. നിലവിലുള്ള 178 മീറ്റര്‍ വാര്‍ഫിനു  പുറമേയാണ് 20 കോടി രൂപ വിനിയോഗിച്ച് 100 മീറ്റര്‍ നീളമുള്ള പുതിയ  വാര്‍ഫ്  നിര്‍മ്മിച്ചത്. യാത്രാ കപ്പലുകള്‍  ഇല്ലാത്തപ്പോള്‍ കാര്‍ഗോ കപ്പലുകള്‍ അടുപ്പിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ വിവിധോദ്ദേശ ടെര്‍മിനല്‍ ആണിത്. മുഖ്യമന്ത്രി പറഞ്ഞു. കൊല്ലവും ലക്ഷദീപുമായുള്ള ബന്ധവും മത്സ്യബന്ധന വ്യവസായങ്ങളും മെച്ചപ്പെടുത്താന്‍ ഇതുവഴി സാധിക്കും. നിലവില്‍ വിഴിഞ്ഞം തുറമുഖത്ത് മാത്രം നടക്കുന്ന കപ്പലിലെ ക്രൂ ചെയ്ഞ്ച് സംവിധാനം ഇനി കൊല്ലത്തും സാധ്യമാകും. കൊല്ലം-മിനിക്കോയി വിനോദസഞ്ചാര കടല്‍പ്പാതക്കും  സാധ്യത തെളിഞ്ഞിരിക്കുകയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഷിപ്പിങ് ജോലികള്‍ സുഗമമാക്കുന്നതിന് 3.20 കോടി രൂപ വീതം വിനിയോഗിച്ച്  കൊല്ലം തുറമുഖത്തിനായി നിര്‍മ്മിച്ച ധ്വനി, ബേപ്പൂരിനായി  നിര്‍മിച്ച മിത്ര എന്നീ  മോട്ടോര്‍ ടഗുകളും  മുഖ്യമന്ത്രി കമ്മീഷന്‍ ചെയ്തു. അഞ്ച് ടണ്‍ ബുള്ളാഡ് ശേഷിയുള്ളതും ഇടത്തരം കപ്പലുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതുമായ ടഗുകള്‍ ആണിവ. ഇന്ത്യന്‍ രജിസ്ട്രാര്‍ ഓഫ് ഷിപ്പിംഗിന്റെ മേല്‍നോട്ടത്തില്‍ നിര്‍മിച്ച ഇവയില്‍ കടല്‍ സഞ്ചാരത്തിന് ആവശ്യമായ എല്ലാവിധ ആധുനിക ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായി. തുറമുഖ വികസനം കൊല്ലത്തെ വാണിജ്യ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഫിഷറീസ് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.