കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റല്‍ സംവിധാനം വഴി സുരക്ഷിതവും മികവുറ്റതുമായ പഠനം ഉറപ്പാക്കാന്‍ സാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുണ്ടറ കോളേജ് ഓഫ് അപ്ലെഡ് സയന്‍സിന്റെ പൂര്‍ത്തീകരിച്ച മന്ദിരം ഓണ്‍ലൈന്‍ ചടങ്ങിലൂടെ നാടിനു സമര്‍പ്പിക്കുകയായിരുന്നു മുഖ്യമന്ത്രി .
മിനിസ്ട്രി ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ കേരളത്തിലെ ഡിജിറ്റല്‍ വിദ്യാഭ്യാസം രാജ്യത്തിന് ഏറ്റവും മികച്ച മാതൃകയാണെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തിന് അഭിമാനിക്കാവുന്ന നേട്ടമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ അധ്യക്ഷനായി.
മികച്ച പഠനസൗകര്യം ഒരുക്കുന്നതിന് ഒപ്പംതന്നെ വിദ്യാര്‍ഥികള്‍ക്ക് ശരിയായ സമയത്ത് പരീക്ഷ നടത്തുകയും പെട്ടെന്നുതന്നെ ഫലപ്രഖ്യാപനം നടത്തുകയും ചെയ്യുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടായ വലിയ നേട്ടത്തിന്റെ തെളിവാണിതെന്നും വിശിഷ്ടാതിഥിയായി ഓണ്‍ലൈനില്‍ പങ്കെടുത്ത ഫിഷറിസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
പ്ലാന്‍ ഫണ്ടിനു പുറമെ 700 കോടി രൂപ കിഫ്ബിയില്‍ നിന്നും ഉന്നതവിദ്യാഭ്യാസരംഗത്തിനായി അനുവദിച്ചിട്ടുണ്ട്. കോളജിന് പുതുതായി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം നിര്‍മ്മിച്ച് നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ ഒമ്പത് ഐ എച്ച് ആര്‍ ഡി കോളജുകളിലാണ് എല്ലാവിധ പശ്ചാത്തല സൗകര്യങ്ങളും പൂര്‍ത്തീകരിച്ചിട്ടുള്ളത്. അതിലൊന്നാണ് കുണ്ടറ ഐ എച്ച് ആര്‍ ഡി കോളജ്. നാല് ഡിഗ്രി കോഴ്‌സുകളും ഒരു പി ജി കോഴ്‌സുമാണ് ഇവിടെയുള്ളത്.
കോളജ് വികസനത്തിന്റെ ഭാഗമായി മെയിന്‍ അക്കാദമിക് ബ്ലോക്കിന്റെ മുകളിലായി പ്ലാന്‍ ഫണ്ടില്‍ നിന്നും 1.247 കോടി രൂപ ചെലവഴിച്ചാണ് രണ്ടാം നില നിര്‍മിച്ചിട്ടുള്ളത്. പൊതുമരാമത്ത് നിര്‍മ്മാണ വിഭാഗത്തിനായിരുന്നു നിര്‍വഹണ ചുമതല. സ്ഥലം എം എല്‍ എയും മന്ത്രിയുമായ ജെ മേഴ്‌സിക്കുട്ടിയമ്മയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും കോളജിന് അനുവദിച്ച ഒരുകോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.
