കണ്ണനല്ലൂര്‍ ജംഗ്ഷന്‍ വികസനത്തിന്റെ ഭാഗമായി തര്‍ക്കത്തിലും തുടര്‍ന്ന് കോടതിയിലുമെത്തിയ  കൈവശവകാശ വിഷയത്തില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കിയുള്ള പ്രശ്‌നപരിഹാരമാണ് ഉചിതമെന്നും, തര്‍ക്കങ്ങള്‍ വികസനത്തെ തടസപ്പെടുത്തരുതെന്നും മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ.

കണ്ണനല്ലൂര്‍ ജംഗ്ഷന്‍ വികസനവുമായി ബന്ധപ്പെട്ട് കലക്‌ട്രേറ്റില്‍ ചേര്‍ന്ന ഗൂഗിള്‍ മീറ്റ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ക്ഷേത്രവുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി നല്‍കുന്നതില്‍ സര്‍ക്കാര്‍ എതിരല്ല. നാടിന്റെ വികസനത്തിന് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നുണ്ട്. വികസനത്തിന്റെ ഭാഗമായി സ്ഥലം നഷ്ടമാകുന്ന വ്യാപാരികള്‍ക്ക് കണ്ണനല്ലൂര്‍-ആയൂര്‍ റോഡില്‍ സര്‍ക്കാര്‍ മൂന്ന് നിലകളിലായി നിര്‍മിക്കുന്ന മാര്‍ക്കറ്റ് കോംപ്ലക്‌സില്‍ സൗകര്യമൊരുക്കും.
പ്രശ്‌നപരിഹാരം മുന്‍നിര്‍ത്തി നവംബര്‍ രണ്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് വീണ്ടും ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. ജില്ലാ കലക്ടര്‍, തഹസില്‍ദാര്‍, എല്‍ ആര്‍ തഹസില്‍ദാര്‍, ദേവസ്വം ബോര്‍ഡ്, എന്നിവര്‍ ചേര്‍ന്ന് ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.