ജില്ലാതല വെറ്ററിനറി സ്‌റ്റോറും  പറക്കോട് ബ്ലോക്ക്തല 

വെറ്ററിനറി വകുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പ്രധാനപ്പെട്ട മുന്നേറ്റങ്ങളാണ് നടന്നു വരുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാതല വെറ്ററിനറി സ്റ്റോറിന്റെ ആധുനിക രീതിയിലുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനവും പറക്കോട് ബ്ലോക്ക്തല രാത്രികാല വെറ്ററിനറി ചികിത്സാ കാര്യാലയത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും കൊടുമണ്‍ വെറ്ററിനറി ആശുപത്രിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
16 ലക്ഷത്തോളം രൂപയില്‍ നിര്‍മ്മിച്ച പുതിയ വെറ്ററിനറി സ്റ്റോര്‍ ജില്ലയുടെ മൃഗസംരക്ഷണ മേഖലയിലെ പ്രധാന ചുവടുവയ്പ്പാണ്. വര്‍ധിച്ചുവരുന്ന കന്നുകാലി, പക്ഷി സമ്പത്തുകള്‍ക്കും ചികിത്സയ്ക്ക് ആവശ്യമായി വരുന്ന മരുന്നുകളും വാക്‌സിനുമെല്ലാം സൂക്ഷിക്കാന്‍ സാധിക്കുന്ന രീതിയിലാണു വെറ്ററിനറി സ്റ്റോര്‍ നിര്‍മ്മിച്ചിരിക്കുന്നത്. 105 ബ്ലോക്കുകളില്‍ രാത്രികാല സേവനങ്ങള്‍ നടത്തുന്ന വെറ്ററിനറി ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍ എന്നിവയുണ്ട്. ഇവ 152 ബ്ലോക്കുകളില്‍ ആരംഭിക്കുക എന്നതാണ് ഇപ്പോഴുള്ള ലക്ഷ്യം. സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട മൃഗാശുപത്രികളിലും 24 മണിക്കൂര്‍ സേവനം ലഭ്യമാക്കുന്ന രീതിയില്‍ നിശ്ചയദാര്‍ഡ്യത്തോടെയാണ് വകുപ്പ് പ്രവര്‍ത്തിക്കുന്നത്. മൃഗാശുപത്രികളില്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാകും ഡോക്ടര്‍മാര്‍ പ്രവര്‍ത്തിക്കുക. എല്ലാ ജില്ലകളിലും മൊബൈല്‍ വെറ്ററിനറി യൂണിറ്റ് ആരംഭിക്കുവാന്‍ പദ്ധതിയിടുന്നുണ്ട്. നിലവില്‍ രണ്ടു ജില്ലകളിലാണ് മൊബൈല്‍ വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
  രാത്രികാലങ്ങളില്‍ ഉള്‍പ്പടെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രികള്‍ കര്‍ഷകര്‍ക്കും മൃഗസ്‌നേഹികള്‍ക്കും ഏറെ സഹായകരമാണെന്ന് മുഖ്യപ്രഭാഷണത്തില്‍ ആന്റോ ആന്റണി എം.പി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം നാലര വര്‍ഷക്കാലമായി സമസ്ത മേഖലയിലും സമഗ്രമായ മുന്നേറ്റമാണ് നടന്നു വരുന്നതെന്ന് ചാങ്ങില്‍ അധ്യക്ഷത വഹിച്ച് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. ക്ഷീര കര്‍ഷകര്‍ക്കും മൃഗസ്‌നേഹികള്‍ക്കും സഹായകരമായ നിലപാടുമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രികള്‍ ക്ഷീരകര്‍ഷകര്‍ക്കും മറ്റും ആശ്വാസകരമാണ്. പ്രകാശം കെടുത്താതെ എപ്പോഴും പ്രകാശിക്കുന്ന രീതിയില്‍ മൃഗാശുപത്രികളുടെ പ്രവര്‍ത്തനം ജാഗ്രതയോടെ മുന്നോട്ടു കൊണ്ടു പോകുന്ന വകുപ്പിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും എംഎല്‍എ പറഞ്ഞു.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പില്‍ നിന്നും 2019-2020 വര്‍ഷം അനുവദിച്ച 16 ലക്ഷം രൂപ വിനിയോഗിച്ചാണ് പത്തനംതിട്ട ജില്ലാ വെറ്ററിനറി സ്റ്റോറിന്റെ ആധുനിക രീതിയിലുള്ള കെട്ടിടം നിര്‍മ്മിച്ചത്.
കൊടുമണ്‍ വെറ്ററിനറി ഹോസ്പിറ്റല്‍ ക്യാമ്പസില്‍ 11 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് പറക്കോട് ബ്ലോക്ക് രാത്രികാല വെറ്ററിനറി ചികിത്സാ കേന്ദ്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ്, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആര്‍.എസ് ഉണ്ണിത്താന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. ആര്‍.ബി രാജീവ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ അഡ്വ.സി. പ്രകാശ്, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വികസന കാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെ.ശാരദ, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ ഉദയകുമാര്‍, വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലളിത രവീന്ദ്രന്‍, പഞ്ചായത്ത് അംഗങ്ങളായ ഐക്കര ഉണ്ണികൃഷ്ണന്‍, ചിരണിക്കല്‍ ശ്രീകുമാര്‍, കെ.ഓമനയമ്മ , എ.ജി ശ്രീകുമാര്‍, കേരള മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.കെ.എം. ദിലീപ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഉമ്മന്‍. പി.രാജ്, കൊടുമണ്‍ വെറ്റിനറി ഹോസ്പിറ്റല്‍ സീനിയര്‍ സര്‍ജന്‍ ഡോ.ബിനോയ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.