എറണാകുളം : കുടുംബത്തിലെ ഏക വരുമാനദായകൻ ആയിരുന്നയാൾ മരണപ്പെട്ട സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസ് വഴി 2019-20 ൽ വിതരണം ചെയ്തത് ഒരു കോടി എഴുപത്തി മൂന്നു ലക്ഷത്തി അമ്പതിനായിരം രൂപ. ഈ സാമ്പത്തിക വർഷത്തിൽ അർഹരായ 41 പേർക്ക് 7550000 രൂപ വിതരണം ചെയ്യാനും പട്ടിക ജാതി വികസന ഓഫീസിനു സാധിച്ചു.
ഒരു ലക്ഷം രൂപയിൽ താഴെ മാത്രം വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്കാണ് പട്ടികജാതി വികസന വകുപ്പ് ധനസഹായം നൽകുന്നത്. 2018 ന് ശേഷം വരുമാനദാതാവ് മരിച്ച കുടുംബത്തിന് രണ്ട് ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. മരണപ്പെട്ട് രണ്ട് വർഷത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. മരണപ്പെട്ട ആളുടെ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തഹസിൽദാർ നൽകുന്ന ഏക വരുമാനദായക സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവ സഹിതം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്