ജലജീവൻ മിഷന്റെ ഭാഗമായി ജില്ലയിലെ 59 ഗ്രാമപഞ്ചായത്തുകളിലായി 1,19,242 കുടിവെള്ള പൈപ്പ് കണക്ഷനുകൾക്ക് ഭരണാനുമതി നൽകി. ജില്ലാ കളക്ടർ ഡി.ബാലമുരളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജലജീവൻ മിഷന്റെയും ജലശുചിത്വമിഷന്റെയും ജില്ലാതല അവലോകന യോഗത്തിലാണ് നടപടി. ആകെ 537.92 കോടി രൂപയ്ക്കുള്ള ഭരണാനുമതിയാണ് ലഭിച്ചത്.
ജില്ലയിൽ ഇതുവരെ ജലജീവൻ പദ്ധതിയിലൂടെ 84, 847 കുടിവെള്ള കണക്ഷനുകൾ നൽകുന്നതിനുള്ള ടെൻഡറുകൾ സമർപ്പിച്ചിട്ടുണ്ട്. ഇതിൽ 67, 492 കണക്ഷനുകൾ നൽകുന്നതിനുള്ള പ്രവർത്തി അനുമതിയും നൽകിയിട്ടുണ്ട്. നിലവിൽ ജില്ലയിൽ ജലജീവൻ മിഷൻ വഴി 5572 കുടുംബങ്ങൾക്കാണ് പൈപ്പ് കണക്ഷൻ നൽകിയിട്ടുള്ളത്. ജലജീവൻ മിഷന്റെ പ്രവർത്തനങ്ങൾ ഊർജിതമാക്കി ഉടനെ ബാക്കിയുള്ള പഞ്ചായത്തുകളിലേക്ക് പൈപ്പ് കണക്ഷൻ നൽകുന്നതിനുള്ള പദ്ധതികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർ ജല അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഓൺലൈനായി നടന്ന യോഗത്തിൽ ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ ആർ. ജയചന്ദ്രൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ ഏലിയാമ്മ നൈനാൻ, ജലഅതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.