ടൈ-സെക്യൂര്‍ എന്ന പേരില്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ് നിര്‍മിക്കുന്ന ഹാന്‍ഡ് സാനിറ്റൈസര്‍, വാഷ്റൂം ക്ലീനര്‍, ഹാന്‍ഡ് വാഷ് എന്നിവയുടെ നിര്‍മാണ പ്ലാന്റിന്റെ ഉദ്ഘാടനവും ആദ്യ വില്‍പ്പനയും വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ നിര്‍വഹിച്ചു. കാലഘട്ടത്തിന്റെ ആവശ്യം മനസിലാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് ടൈറ്റാനിയം നടത്തിവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഗുണനിലവാരമുള്ള ഉത്പന്നങ്ങളാണ് ടൈ-സെക്യൂര്‍ എന്ന ബ്രാന്‍ഡിലൂടെ പുറത്തിറക്കുന്നത്.  മിതമായ വിലയില്‍ ഇവ ലഭ്യമാക്കുന്നതിനാല്‍ വിപണിയിലെ വിലവര്‍ദ്ധനവ് നിയന്ത്രിക്കാനാകും. കഴിയുന്നത്ര വേഗത്തില്‍ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി 36 ദിവസം കൊണ്ടാണ് പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പ്രതിദിനം 5,000 ലിറ്റര്‍ സാനിറ്റൈസര്‍ ഉത്പാദിപ്പിക്കാന്‍ പ്ലാന്റിനു കഴിയും. 100, 200, 500 എം.എല്‍, 5 ലിറ്റര്‍ എന്നീ ശ്രേണിയിലാകും സാനിറ്റൈസര്‍ വിപണിയിലെത്തിക്കുക.  കൂടാതെ വാഷ്റൂം ക്ലീനര്‍, ഹാന്‍ഡ് വാഷ് എന്നിവയും ഇവിടെ നിര്‍മിക്കുന്നുണ്ട്.

ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ് ചെയര്‍മാന്‍ എ.എ റഷീദ്, ഡയറക്ടര്‍ വി. ശിവന്‍കുട്ടി, എം.ഡി ജോര്‍ജ് നൈനാന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.