ആലപ്പുഴ: സംസ്ഥാനത്തെ ഐടിഐകളിലെ അടിസ്ഥാന സൗകര്യങ്ങളും പരിശീലന നിലവാരവും വര്‍ധിപ്പിക്കുമെന്ന് തൊഴില്‍ നൈപുണ്യ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ചെങ്ങന്നൂര്‍ ഐടിഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കിഫ്ബിയില്‍ നിന്നുള്ള 19.75 കോടി രൂപയുടെ ധനസഹായം ഉപയോഗിച്ചാണ് ആദ്യഘട്ട പ്രവൃത്തികള്‍ നടത്തുന്നത്. അന്താരാഷ്ട്ര പദവിയിലേക്ക് ഉയരുന്നതോടെ പുതിയ കാലത്തിന് അനുസരിച്ചുള്ള എല്ലാവിധ അടിസ്ഥാന സൗകര്യ വികസനവും ചെങ്ങന്നൂര്‍ ഐടിഐയില്‍ നിലവില്‍ വരുമെന്നും മന്ത്രി പറഞ്ഞു.
1500 ലേറെ വിദ്യാര്‍ഥികള്‍ പരിശീലനം നേടുന്ന ചെങ്ങന്നൂര്‍ ഐടിഐ രാജ്യത്തെ ഏറ്റവും മികച്ച വ്യാവസായിക പരിശീലന സ്ഥാപനങ്ങളില്‍ ഒന്നായി മാറുകയാണ്. 1963ല്‍ ആറ് ട്രേഡുകളുമായി പ്രവര്‍ത്തനമാരംഭിച്ച ഐടിഐയില്‍ നിലവില്‍ 23 ട്രേഡുകളിലാണ് പരിശീലനം നല്‍കുന്നത്. ആധുനിക തൊഴില്‍കമ്പോളത്തിലെ മാറ്റങ്ങള്‍ക്കനുയോജ്യമായ വിധത്തില്‍ നൈപുണ്യശേഷി വികസനവും പരിശീലപദ്ധതികളുടെ ആധുനികവത്കരണവും നടപ്പാക്കും. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കേരളത്തിലുണ്ടായ വികസനമുന്നേറ്റത്തിന്റെ പ്രതിഫലനമാണ് അടിസ്ഥാനസൗകര്യവികസനത്തിലും പരിശീലനപദ്ധതിയിലും സര്‍ക്കാര്‍ ഐടിഐകള്‍ കൈവരിച്ച പുരോഗതി.
കേരളത്തിലെ വ്യാവസായികപരിശീലനരംഗത്ത് നാലു വര്‍ഷത്തിനിടയില്‍ ആധുനിക നിലവാരത്തിലുള്ള 17 പുതിയ സര്‍ക്കാര്‍ ഐടിഐകള്‍ കൂടി ആരംഭിച്ചു. അഞ്ച് പുതിയ ഐടിഐകള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ചെങ്ങന്നൂരിന് പുറമെ ഏറ്റുമാനൂര്‍, കണ്ണൂര്‍, മലമ്പുഴ, ധനുവച്ചപുരം, കൊയിലാണ്ടി, കൊല്ലം ചന്ദനത്തോപ്പ്, കട്ടപ്പന, ചാലക്കുടി, കയ്യൂര്‍ ഐടിഐകളാണ് കിഫ്ബി ധനസഹായത്തോടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. സജി ചെറിയാന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
കൊടിക്കുന്നില്‍ സുരേഷ് എംപി, നഗരസഭ ചെയര്‍മാന്‍ ഷിബു രാജന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി അജിത, വൈസ് പ്രസിഡന്റ് ജി. വിവേക് തുടങ്ങിയവര്‍ സന്നിഹിതരായി.