പെരുമ്പാവൂര്‍: കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ബഡ്‌സ് സ്‌കൂള്‍          അദ്ധ്യാപകര്‍ക്കുളള ദ്വിദിന പരിശീലന കളരി പെരുമ്പാവൂര്‍ സമൃദ്ധിഗ്രാമില്‍ നടന്നു. പരിശീലന കളരി ഉദ്ഘാടനം കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ ആര്‍ രാഗേഷ് നിര്‍വ്വഹിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്ന, കഠിന പ്രയത്‌നം ചെയ്യുന്നവരാണ് ബഡ്‌സ് സ്‌കൂള്‍ അദ്ധ്യാപകരെന്ന് കെ ആര്‍ രാഗേഷ് പറഞ്ഞു. ജില്ലാ പ്രോഗ്രാം മാനേജര്‍ കെ എം അനൂപ്, അജിത് എന്നിവര്‍ പ്രസംഗിച്ചു.
ജില്ലയിലെ 17 ബഡ്‌സ് സ്‌കൂളുകളില്‍ നിന്നും 12 ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററുകളില്‍ നിന്നും 45 അദ്ധ്യാപകര്‍ പങ്കെടുത്തു. ഫെയ്ത് ഇന്‍ഡ്യ സംഘടനയുടെ മുന്‍ ഡയറക്ടര്‍ ഡോ: ചന്ദ്രശേഖരന്‍, മൈന്‍സ് ഫൗണ്ടര്‍ ഡയറക്ടര്‍ ടോമി ചെറിയാന്‍, സൈക്കോളജിസ്റ്റായ ഡോ: ലിജി, ഓട്ടിസം സ്‌പെഷലിസ്റ്റ് ഡോ: അബൂബക്കര്‍, സ്പീച്ച് തെറാപ്പിസ്റ്റ് നസ്മിന്‍ എന്നിവര്‍ ക്ലാസ്സിന് നേതൃത്വം നല്‍കി. പരിശീലന കളരിയോടനുബന്ധിച്ച് വിവിധ കലാപരിപാടികള്‍ അരങ്ങേറി.