സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി നടത്തുന്ന സാക്ഷരതാ പദ്ധതിയായ ചങ്ങാതിയുടെ പ്രചരണത്തിന്റെ ഭാഗമായി ജില്ലാ സാക്ഷരതാമിഷന്‍ കഴക്കൂട്ടത്ത് ബൈക്ക് റാലി സംഘടിപ്പിച്ചു.  ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള സാക്ഷരതാ പരിപാടിക്ക് വേണ്ടി തിരുവനന്തപുരം ജില്ലയില്‍ തെരഞ്ഞെടുത്തിരിക്കുന്നത് കോര്‍പ്പറേഷനിലെ കഴക്കൂട്ടം വാര്‍ഡാണ്.  പദ്ധതി പ്രവര്‍ത്തനത്തിന്റെ ഭാഗമായി സര്‍വേ നടത്തി 368 പേരെ കണ്ടെത്തിയിരുന്നു.  ഇവരെ സാക്ഷരരാക്കുവാന്‍ വേണ്ടി മലയാളവും ഹിന്ദിയും നന്നായി അറിയാവുന്ന ഇന്‍സ്ട്രക്ടര്‍മാരെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കി പഠിതാക്കളുടെ സൗകര്യമനുസരിച്ച് താമസസ്ഥലങ്ങളിലും ജോലിയുടെ ഒഴിവ് സമയം നോക്കി ജോലി സ്ഥലങ്ങളിലുമാണ് ക്ലാസുകള്‍.
ചങ്ങാതി പദ്ധതിയുടെ പഠിതാക്കളെ ആകര്‍ഷിക്കുവാന്‍ സംഘടിപ്പിച്ച ബൈക്ക് റാലിയില്‍ പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ പഠിതാക്കള്‍ അണിനിരന്നു.
ചടങ്ങില്‍ സാക്ഷരതാമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി. പ്രശാന്ത് കുമാര്‍ അധ്യക്ഷത വഹിച്ചു.  അസി. കോ-ഓര്‍ഡിനറ്റര്‍ രമേഷ് കുമാര്‍, മേയറുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് സുരേഷ്, പ്രേരക്മാരായ സി. പ്രസന്ന, എല്‍. ഹരികുമാര്‍, ജയശ്രീ, ഷാമില, അംബിക കുമാരി, വിജയലക്ഷ്മി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.