aNqhI വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗം വിലയിരുത്താന്‍ സര്‍വേ
ജില്ലയിലെ എല്ലാ സ്‌കൂളുകളിലും വിമുക്തി പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ ക്ലബുകള്‍ ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി.  130 സ്‌കൂളുകളില്‍ നിലവില്‍ ലഹരി വിരുദ്ധ ക്ലബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനായി പദ്ധതി തയ്യാറാക്കാന്‍ കളക്ടറേറ്റില്‍ കൂടിയ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടര്‍.
എക്‌സൈസ് വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മേല്‍നോട്ടത്തിലാണ് ക്ലബുകള്‍ രൂപീകരിക്കുക.  ക്ലബുകളുടെ പ്രവര്‍ത്തനം മാസംതോറും വിലയിരുത്തുന്നതിന് പ്രാദേശികാടിസ്ഥാനത്തില്‍ സോണല്‍ ഓഫീസര്‍മാരെ നിയോഗിക്കും.  സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ സഹായവും ലഹരി വിരുദ്ധ ക്ലബുകള്‍ക്ക് ലഭിക്കും.  വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗം വിലയിരുത്തുന്നതിനായി നാലു താലൂക്കുകളില്‍ പൊലീസിന്റെയും സര്‍ക്കാരിതര സംഘടനയുടെയും സഹായത്തോടെ വിശദമായ സര്‍വേ സംഘടിപ്പിക്കും.
ജില്ലയില്‍ ചൈല്‍ഡ് ഡീ അഡിക്ഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി തയാറാക്കാന്‍ കളക്ടര്‍ എക്‌സൈസിന് നിര്‍ദേശം നല്‍കി.
ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ജി. മുരളീധരന്‍ നായര്‍, എ.സി.പി സുനീഷ് ബാബു, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ.കെ. സുബൈര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ രജിത പി. ജിത്ത്, ബേബി പ്രഭാകരന്‍, എസ്. മുഹമ്മദ് ഇക്ബാല്‍, പി.എസ്. വന്ദന എസ്. വിജയകുമാര്‍, എസ്. സുധീഷ്, റ്റി.ആര്‍. കിരണ്‍, എല്‍.ആര്‍. മധുജന്‍, രമേശ് കൃഷ്ണന്‍, ഡോ. പി.സി. തോമസ് എന്നിവര്‍ പങ്കെടുത്തു.