കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ പട്ടാമ്പിയില്‍ മാര്‍ച്ച് 29 മുതല്‍ എപ്രില്‍ എഴുവരെ നടക്കുന്ന ദേശീയ സരസ് മേളയുടെ ഭാഗമായി സംഘാടകസമിതി ഓഫീസ് പ്രവര്‍ത്തനം തുടങ്ങി.മുഹമ്മദ് മുഹസിന്‍ എം.എല്‍.എ.ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.പട്ടാമ്പി പെരിന്തല്‍മണ്ണ റോഡിലെ മാര്‍ക്കറ്റ് ഗ്രൗണ്ടിലാണ് മേള നടക്കുക. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണദാസ്, കെ.പി.അജയന്‍, ഇ.പി.ശങ്കരന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.സൈതലവി, ദിനേഷ്, ആരിഫാബീഗം തുടങ്ങിയവര്‍ പങ്കെടുത്തു. മാര്‍ച്ച് 29 ന് .തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീലാണ് മേള ഉദ്ഘാടനം ചെയ്യും. മുഹമ്മദ് മുഹസ്സിന്‍ എം.എല്‍.എ അധ്യക്ഷനാവും. മുന്‍മന്ത്രി പാലോളി മുഹമ്മദ് കുട്ടിയെ ഉദ്ഘാടന പരിപാടിയില്‍ ആദരിക്കും. തുടര്‍ന്ന് പാലക്കാട് സ്വരലയ അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും.ഉദ്ഘാടനത്തോടനുബന്ധിച്ച് ഘോഷയാത്ര നടക്കും.25-ഓളം സംസ്ഥാനങ്ങളില്‍ നിന്നുളള കരകൗശല വിദഗ്ധര്‍, കലാകാരന്‍മാര്‍, തുകലുല്‍പന്ന നിര്‍മാതാക്കള്‍, വസ്ത്ര നിര്‍മാതാക്കള്‍, തുടങ്ങിയവര്‍ക്ക് ഉയര്‍ന്ന വരുമാനം ഉറപ്പു വരുത്താനും അതിലൂടെ ഗ്രാമീണമേഖലക്ക് ശക്തിപകരാനുമായാണ് മേള നടത്തുന്നത്.വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള ഗ്രാമീണ രുചിക്കൂട്ടുകള്‍, ആസാമില്‍ നിന്നുമുളള മുളനിര്‍മിത ഗൃഹോപകരണങ്ങള്‍, രാജസ്ഥാനില്‍ നിന്നുളള തുണിത്തരങ്ങള്‍, തുടങ്ങിയവയല്ലൊം പ്രദര്‍ശനത്തില്‍ ഉള്‍പ്പെടും.
മേളയോടനുബന്ധിച്ച് മാര്‍ച്ച് 28ന് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലേയും കുടുംബശ്രീ സി.ഡി.എസ് കളുടെ നേതൃത്വത്തില്‍ നൂറോളം പേര്‍ പങ്കെടുക്കുന്ന വിളംബര ജാഥ നടക്കും. ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സാംസ്‌കാരിക പ്രവര്‍ത്തകരും കുടുംബശ്രീ പ്രവര്‍ത്തകരും അണിനിരക്കുന്ന കൂട്ടയോട്ടവും നടക്കും. വൈവിധ്യമാര്‍ന്ന ഭക്ഷണമൊരുക്കാന്‍ 20 ഫുഡ്കോര്‍ട്ടുകള്‍ സരസ് മേളയുടെ ഭാഗമാകും. ഇതില്‍ 12 എണ്ണം ഇതരസംസ്ഥാനങ്ങളില്‍ നിന്നുളളതാണ്. സംരംഭകര്‍ക്കും വിശിഷ്ടാഥിതിഥികള്‍ക്കും വൊളന്റിയര്‍മാര്‍ക്കുമായി പട്ടാമ്പി നഗരസഭയിലും സമീപ പ്രദേശങ്ങളിലുമായി 700 പേര്‍ക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. 75000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ വലിയ പന്തലാണ് പട്ടാമ്പി മത്സ്യ മാര്‍ക്കറ്റിനു പുറകില്‍ മേളക്കായി ഒരുക്കുന്നത്. മേളയുടെ ഭാഗമായി വൈകുന്നേരങ്ങളില്‍ കലാപരിപാടികളും നടക്കും. ജില്ലയിലെ കലാ സാംസ്‌കാരിക രംഗങ്ങളിലടക്കം മികച്ച സംഭാവന നല്‍കിയ വ്യക്തികളെ സാംസ്‌കാരിക സന്ധ്യയുടെ ഭാഗമായി ആദരിക്കും. വിവിധ വിഷയങ്ങളെ അധികരിച്ച് മലയാളത്തിലെ മികച്ച പ്രഭാഷകരുടെ പ്രഭാഷണങ്ങളും ഉണ്ടാകും. തുടര്‍ന്ന് പ്രശസ്തരായ നിരവധി കലാകാരന്മാരുടെ നേതൃത്വത്തിലുള്ള കലാപ്രകടനങ്ങള്‍ ഉണ്ടാകും. സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ പഴയനാടക ഗാനങ്ങളുടെ അവതരണം, മിമിക്സ് ചാക്യാര്‍, വയലി അവതരിപ്പിക്കുന്ന ബാംബൂഫോക്സ്, പ്രണവം ശശിയുടെ നേതൃത്വത്തില്‍ നാടന്‍പാട്ട്, മാപ്പിള ഗാനങ്ങളുമായി ഇശല്‍ സന്ധ്യ, ഗസല്‍ സന്ധ്യ, ഓട്ടന്‍ തുള്ളല്‍, നാടകങ്ങള്‍, കലാമണ്ഡലം അവതരിപ്പിക്കുന്ന മിഴാവ് മേളം എന്നിവ അരങ്ങേറും. കുടുംബശ്രീ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാപ്രതിഭകള്‍ക്ക് അവസരം നല്‍കുന്നതിനായി കുടുംബശ്രീ ഫെസ്റ്റ് സംഘടിപ്പിക്കും. മേളയില്‍ പ്രവേശനം സൗജന്യമാണ്. ഭാരതം മുഴുവന്‍ ചുറ്റിക്കാണുന്ന അനുഭൂതി മേളയില്‍ നിന്ന് ലഭിക്കുമെന്ന് കുടുംബശ്രി ജില്ലാമിഷന്‍ കോഡിനേറ്റര്‍ പി.സൈതലവി അറിയിച്ചു.