* മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

ആറാമത് സംസ്ഥാനതല സ്‌പെഷ്യല്‍ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനീസ് കലോത്‌സവം ‘സ്പന്ദനം 2018’ന് തുടക്കമായി. നാലാഞ്ചിറ മാര്‍ ഗ്രിഗോറിയസ് റിന്യൂവല്‍ സെന്ററില്‍ നടക്കുന്ന കലോത്‌സവം തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
മാനുഷികമായ ഭാവത്തോടും ആര്‍ദ്രമായ മനസോടും സ്‌നേഹസ്പര്‍ശത്തോടെ ജീവകാരുണ്യപരമായ സമീപനം ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളോട് പുലര്‍ത്താന്‍ ഇത്തരം സര്‍ഗാത്മപ്രവര്‍ത്തനങ്ങള്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി മെന്റലി ചലഞ്ച്ഡ് നിര്‍മിച്ച ഓട്ടിസത്തെ കുറിച്ചുള്ള ബോധവത്കരണ ഹ്രസ്വചിത്രത്തിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.
ചടങ്ങില്‍ സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി മെന്റലി ചലഞ്ച്ഡ് ഡയറക്ടര്‍ ജിമ്മി കെ. ജോസ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ത്രേസ്യാമ്മ തോമസ് ആശംസയര്‍പ്പിച്ചു. സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി മെന്റലി ചലഞ്ച്ഡ് രജിസ്ട്രാര്‍ എ. സുരേഷ്‌കുമാര്‍ സ്വാഗതവും ഇന്‍സ്റ്റിറ്റ്യൂട്ട് ഫിസിയോതെറാപ്പിസ്റ്റ് ഡി. ശ്രീജിത്ത് നന്ദിയും പറഞ്ഞു.
ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ പരിശീലനത്തിന് പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ കോളേജുകളിലെ 600 ഓളം അധ്യാപക പരിശീലന വിദ്യാര്‍ഥികളാണ് കലോത്‌സവത്തില്‍ മാറ്റുരയ്ക്കുന്നത്. വിജയികള്‍ക്ക് സി.എച്ച് മുഹമ്മദ്‌കോയ മെമ്മൊറിയല്‍ എവര്‍റോളിംഗ് ട്രോഫി ലഭിക്കും. കലോത്‌സവം ഇന്ന് (മാര്‍ച്ച് 27) സമാപിക്കും. വൈകിട്ട് നാലിന് സമാപനസമ്മേളനം പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ ഉദ്ഘാടനം ചെയ്യും.