ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷനിൽ കലാഭവൻ മണി സ്മാരക ഇൻഡോർ സ്റ്റേഡിയം നാടിന് സമർപ്പിച്ചു. 2019-20 ജനകീയാസൂത്രണം വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷം വിനിയോഗിച്ചാണ് ഇൻഡോർ സ്റ്റേഡിയത്തിൻ്റെ നിർമാണം പൂർത്തീകരിച്ചത്. മുരിയാട് പഞ്ചായത്തിലെ ആറാം വാർഡിൽ നിർമ്മിച്ച ഇൻഡോർ സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസ് നിർവഹിച്ചു. ജില്ലാ പഞ്ചായത് അംഗം ടി ജി ശങ്കരനാരായണൻ അദ്ധ്യക്ഷത വഹിച്ചു. ഷട്ടിൽ, ബാഡ്മിൻ്റൺ, ടേബിൾ ടെന്നീസ്, വോളിബോൾ, കബഡി തുടങ്ങിയ കായിക ഇനങ്ങളും പ്രൊഫഷണൽ നാടക മത്സരങ്ങൾ ഉൾപ്പെടെ കലാ – കായിക – സാംസ്കാരിക- സാഹിത്യ പരിപാടികൾ നടത്തുന്നതിനും ഇൻഡോർ സ്റ്റേഡിയം ഉപകരിക്കും. മുരിയാട് പഞ്ചായത്ത് പ്രസിഡൻ്റ് സരിത സുരേഷ് കോൺട്രാക്ടർ എം എ അഭിജിത്തിനും മുരിയാട് ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനീയർ നിലൂഫർ എം ബാനുവിനും ഉപഹാരം നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നളിനി ബാലകൃഷ്ണൻ, സംസ്ഥാന യുവജന കമ്മീഷൻ അംഗം കെ വി രാജേഷ്, ഫ്ലവേഴ്സ് കോമഡി ഉത്സവം ഫെയിം അനീഷ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയർ ജോജി പോൾ കാഞ്ഞൂത്തറ പദ്ധതിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി സത്യൻ, പഞ്ചായത്ത് സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത രാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.കെ എ മനോഹരൻ, ബ്ലോക്ക് അസി. എക്സിക്യൂട്ടീവ് എൻജിനീയർ എം വി. സനിൽകുമാർ, മുരിയാട് പഞ്ചായത്ത് ഓവർസീയർ അഞ്ജു കൃഷ്ണേന്ദു എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ പി പ്രശാന്ത് സ്വാഗതവും യൂത്ത് കോ-ഓർഡിനേറ്റർ വിപിൻ വിനോദൻ നന്ദിയും രേഖപ്പെടുത്തി.