കൊല്ലം:വിഖ്യാത ഹിന്ദുസ്ഥാനി ഗായിക രാഖി ചാറ്റര്‍ജിയുടെ ഗസല്‍ സന്ധ്യ മാര്‍ച്ച് 28ന്‌ കൊല്ലത്ത് നടക്കും.  കടപ്പാക്കട സ്‌പോര്‍ട്ട്‌സ് ക്ലബ്ബില്‍ വൈകിട്ട് 06.30 നാണ് പരിപാടി. മേയര്‍ അഡ്വ. വി രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യും.
ഡോ. വി.വി. വേലുക്കുട്ടിയരയന്‍ സ്ഥാപിച്ച അരയന്‍ പത്രത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാഡമി, കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്ബ്, വേലുക്കുട്ടി അരയന്‍ ഫൗണ്ടേഷന്‍ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിലെ വേറിട്ട സാന്നിദ്ധ്യമാണ് രാഖി ചാറ്റര്‍ജി. മുത്തച്ഛന്‍ ബിശ്വനാഥ് ചാറ്റര്‍ജിയായിരുന്നു ആദ്യ ഗുരു. പണ്ഡിറ്റ് അമിയോ രഞ്ജന്‍ ബന്ദോപാധ്യായ, പണ്ഡിറ്റ് നിഹര്‍ രഞ്ജന്‍ ബന്ദോപാധ്യായ എന്നിവരാണ് തുടര്‍ന്ന് വഴി കാട്ടിയത്. രബീന്ദ്രഭാരതി സര്‍വ്വകാശാലയില്‍നിന്ന് ഒന്നാം ക്ലാസോടെ സംഗീതത്തില്‍ ബിരുദാനന്തര ബിരുദം നേടി.
പഠനത്തിന് ശേഷം ‘സ്വര്‍’ സംഗീത അക്കാഡമി സ്ഥാപിച്ചു. ഇവിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഭജന്‍, ഗസല്‍, ക്ലാസിക്കല്‍ സംഗീതം എന്നിവ അഭ്യസിക്കുന്നു.
ദൂരദര്‍ശനില്‍ ഒട്ടേറെ സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള രാഖി സ്വന്തമായി ഗസലുകള്‍ ചിട്ടപ്പെടുത്തുകയും ചെയ്യുന്നു.