കൊലുമ്പന്‍ സമാധി സ്മാരകം നാടിന് സമർപ്പിച്ചു

കോവിഡ് 19 മായി ബന്ധപ്പെട്ട് എല്ലാവിധ ചട്ടവട്ടങ്ങൾക്കും വിധേയമായി സഞ്ചാരികൾ ഇടുക്കിയിലെത്തണമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കുറവന്‍- കുറത്തി മലകളെ ബന്ധിപ്പിച്ച് ഇടുക്കി ആര്‍ച്ച് ഡാം നിര്‍മ്മിക്കാന്‍ സ്ഥലം കാണിച്ച ആദിവാസി ഗോത്രത്തലവന്‍ ചെമ്പന്‍ കൊലുമ്പന്റെ നവീകരിച്ച സമാധി സ്മാരകം ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിസന്ധിയിൽ തകിടം മറിഞ്ഞ കേരളത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുത്താൻ ടൂറിസത്തിന് കഴിയും.
ജില്ലയിൽ 52 കോടിയിലധികം രൂപയുടെ പ്രവർത്തനങ്ങളാണ് ടൂറിസം വകുപ്പ് സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നത്. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവ് ടൂറിസം മേഖലയിലൂടെയാണ്. കോവിഡ് മഹാമാരി മൂലം തകർന്ന ടൂറിസം മേഖലയിൽ 455 കോടി രൂപയുടെ സഹായ പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചത്. സംരംഭകർക്കും ടൂറിസവുമായി ബന്ധപ്പെട്ട ജീവനക്കാർക്കും ഒരുപോലെ സഹായകമാകുന്നതാണ് പദ്ധതി. സംസ്ഥാന തല ബാങ്കേഴ്സ് സമിതി സംരംഭകർക്ക് 25 ലക്ഷം രൂപ വരെ വായ്പ നൽകും. ഇതിന്റെ ഒരു വർഷത്തെ പലിശയുടെ പകുതി സംസ്ഥാന സർക്കാർ സബ്സിഡിയായിട്ടാണ് നൽകുന്നത്. ടൂറിസം മേഖലയിലെ ജീവനക്കാർക്ക് 20,000 രൂപ മുതൽ 30,000 രൂപ വരെ കേരള ബാങ്കിൽ നിന്ന് വായ്പ നൽകും. 9 ശതമാനം പലിശയ്ക്ക് ആണ് നൽകുന്നതെങ്കിലും മൂന്ന് ശതമാനം തൊഴിലാളികൾ അടച്ചാൽ മതി, ആറ് ശതമാനം സർക്കാർ സബ്സിഡിയായി നൽകും. ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് മുഖ്യമന്ത്രിയുടെ ടൂറിസം വായ്പാ സഹായ പദ്ധതിയിൽ 1100 പേരാണ് അപേക്ഷിച്ചിട്ടുള്ളത്. കേന്ദ്ര സംസ്ഥാന ടൂറിസം വകുപ്പിന്റെ അംഗീകാരമുള്ള ടൂറിസ്റ്റുകൾക്ക് പതിനായിരം രൂപ നൽകിയിട്ടുണ്ട്. ഹോംസ്റ്റേകൾക്ക് തദ്ദേശസ്ഥാപനങ്ങൾ ഏർപ്പെടുത്തിയ വാണിജ്യ കരം ഒഴിവാക്കി വീട്ടുകരമാക്കി.

ചടങ്ങിൽ വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി അധ്യക്ഷത വഹിച്ചു. ദീർഘനാളായുള്ള ഒരു ജനതയുടെ ആവശ്യത്തിന് പരിഹാരമായെന്നും കൊലുമ്പന്റെ പിന്മുറക്കാർ താമസിക്കുന്ന കൊലുമ്പൻ കോളനിയിൽ കഴിഞ്ഞ ഓണത്തിന് പട്ടയം നൽകാൻ സാധിച്ചതിലും സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു. പെട്ടിമുടി ദുരന്തബാധിതർക്ക് കൈത്താങ്ങായി ഭൂമിയും വീടും നൽകുമെന്ന് സർക്കാർ വാഗ്ദാനം പാലിച്ച് കുറ്റ്യാർവാലിയിൽ എട്ടു കുടുംബങ്ങൾക്ക് അനുവദിച്ച ഭൂമിയുടെ പട്ടയവിതരണവും വീടുകളുടെ തറ കല്ലിടിലും ഇന്ന് (01) നടക്കുമെന്നും മന്ത്രി പറഞ്ഞു. ഫിലിം ഡയറക്ടർ മണി വട്ടപ്പാറ നിർമിക്കാൻ പോകുന്ന കൊലുമ്പൻ എന്ന സിനിമയുടെ പോസ്റ്റർ പ്രകാശനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു.

അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണവും ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ ആമുഖ പ്രസംഗവും നടത്തി. ടൂറിസം വകുപ്പ് ഡയറക്ടർ പി ബാലകിരൺ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ വിഎം, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടിന്റു സുഭാഷ്, ഡിറ്റിപിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സിവി വര്‍ഗീസ്, വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെഎം ജലാലുദ്ദീന്‍, പഞ്ചായത്തംഗം പ്രഭാ തങ്കച്ചന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ജി.ശ്രീകുമാര്‍, ഡിറ്റിപിസി സെക്രട്ടറി ഇന്‍ ചാര്‍ജ് ഗിരീഷ് പിഎസ്, കൊലുമ്പൻ കോളനി ഊര് മൂപ്പൻ ടിവി രാജപ്പൻ, കാണി തേനൻ ഭാസ്കരൻ തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്തു .

#keralatourism
#kolumban
#idukkidam