ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കുന്ന ശ്രീകൃഷ്ണപുരം ബ്ലോക്കിലെ കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ 6, 12 വാർഡുകൾ കേന്ദ്രീകരിച്ച് പൊമ്പ്ര ആസ്ഥാനമാക്കി പ്രവർത്തനമാരംഭിക്കുന്ന പൊമ്പ്ര ക്ഷീര സംഘം ക്ഷീരവികസന വകുപ്പ് മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പാലുല്പാദനം സ്വയം പര്യാപ്തതയിലെത്തിക്കുന്നതിനും ഗ്രാമീണ സമ്പദ്ഘടനയുടെ പുരോഗതി, ക്ഷീര സംഘങ്ങള് കൈകാര്യം ചെയ്യുന്ന പാലളവില് വര്ധനവുണ്ടാക്കുക, കൂടുതല് ക്ഷീര കര്ഷകരെ സഹകരണ കൂട്ടായ്മയിലേക്ക് പങ്കാളികളാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കുന്നതിലൂടെ പൊമ്പ്രയിലെ പാല് ഉത്പാദനത്തില് പ്രതിദിനം ശരാശരി 500 ലിറ്ററിന്റെ വര്ധനവാണ് പ്രതീക്ഷിക്കുന്നത്. പൊമ്പ്ര ക്ഷീരസംഘം മുഖേന പാല് സംഭരിക്കുന്നതിലൂടെ കര്ഷകര്ക്ക് വിപണി കണ്ടെത്താനും സ്ഥിരവരുമാനം ലഭ്യമാക്കാനും കഴിയും.
സംസ്ഥാനത്ത് കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്നത് പാലക്കാട് ജില്ലയിലാണ്. പാലുത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിച്ച പാലക്കാട് ഉൾപ്പെടെയുള്ള മലബാർ മേഖലയിലെ ജില്ല കളിൽ ഉത്പാദിപ്പിക്കുന്ന മുഴുവൻ പാലും സംഭരിക്കണമെന്നതാണ് സർക്കാർ നയമെന്ന് മന്ത്രി പറഞ്ഞു. നിലവിൽ പാൽ ഉത്പന്നങ്ങളുടെ വിപണനത്തിന് സ്ഥിരമായി മാർക്കറ്റും നിശ്ചിത വിലയുമുണ്ട്. 54,000 ക്ഷീര കർഷകരാണ് പെൻഷൻ കൈപ്പറ്റുന്നത്. സർക്കാർ നിലവിൽ വന്നശേഷം 600 രൂപയായിരുന്ന പെൻഷൻ തുക 1400 രൂപയായി ഉയർത്തി. ഇൻഷൂറൻസ് പദ്ധതി പ്രകാരം പ്രീമിയം അടയ്ക്കേണ്ടതിൻ്റെ നല്ലൊരു തുക സർക്കാരും സംഘവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് നൽകുന്ന സ്കീം നടപ്പിലാക്കി. സർക്കാർ അധികാരത്തിൽ വന്ന ശേഷം രണ്ട് തവണ പാൽ വില കൂട്ടി. ലിറ്ററിന് നാലു രൂപ സബ്സിഡി അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി.
2018 ലെ പ്രളയത്തിൽ പതിനായിരക്കണക്കിന് പശുക്കളാണ് നഷ്ടമായത്. ഓരോ പശുവിനും 30000 രൂപ വീതം നഷ്ടപരിഹാരം നൽകി. ചില മേഖലകളിൽ പശുവിനെ തന്നെ നൽകി. 21 കോടി രൂപയാണ് ഇത്തരത്തിൽ ചെലവഴിച്ചത്. ക്ഷീരസംഘങ്ങളിൽ പാൽ നൽകുന്ന കർഷകന് 50 കിലോയുള്ള ഒരു കാലിത്തീറ്റച്ചാക്കിന് 400 രൂപ സബ്‌സിഡി ഏർപ്പെടുത്തി. കർഷകർക്ക് ഭീഷണിയാവുന്ന പന്നിയുൾപ്പെടെയുളള വന്യമൃഗങ്ങളെ വനം വകുപ്പിൻ്റെ അനുമതിയോടെ ലൈസൻസ് ഉള്ളവരെ വച്ച് വെടിവെയ്ക്കാനുള്ള അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പൊമ്പ്ര ക്ഷീര സഹകരണ സംഘം പരിസരത്ത് നടന്ന പരിപാടിയിൽ പി.ഉണ്ണി എം.എൽ.എ അധ്യക്ഷനായി. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.അരവിന്ദാക്ഷൻ, കരിമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുനിത ജോസഫ്, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം. പ്രകാശ്, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ക്ഷീര സംഘം പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.