കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള നിയമ നിർമ്മാണം അന്തിമഘട്ടത്തിൽ ആണെന്ന് വനം – മൃഗസംരക്ഷണം – ക്ഷീര വികസന വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. ചിറ്റൂർ ബ്ലോക്കിലെ മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ ആധുനിക പാൽ പരിശോധനാ സംവിധാനങ്ങളോടു കൂടി നവീകരിച്ച ലബോറട്ടറി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് കാലത്ത് ക്ഷീരകർഷകർക്ക് 400 രൂപ സബ്സിഡിയിൽ മൂന്ന് ലക്ഷം കാലിത്തീറ്റ ചാക്കുകളാണ് വിതരണം ചെയ്തത്. സംസ്ഥാനത്തെ പാൽ ഉൽപ്പാദന മേഖലയെ സ്വയംപര്യാപ്തമാക്കുന്നതിനായി കിടാരി പാർക്കുകൾ, ഡയറി സോൺ, തുടങ്ങി നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. കന്നുകാലികൾക്ക് മെച്ചപ്പെട്ട മരുന്ന് ലഭ്യമാക്കുന്നതിന് മൊബൈൽ യൂണിറ്റ് ആരംഭിക്കും. ഉൽപ്പാദിപ്പിക്കുന്ന പാൽ എത്ര കൂടുതൽ ഉണ്ടെങ്കിലും മിൽമ ഏറ്റെടുക്കുമെന്നും പാൽ ഒഴുക്കിക്കളയേണ്ട സാഹചര്യം സംസ്ഥാനത്ത് ഇല്ലെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലും മൃഗാശുപത്രികളിൽ രാത്രികാല സേവനം ഉടനെ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. നിലവിൽ 105 ബ്ലോക്ക് പഞ്ചായത്തുകളിൽ രാത്രികാല സേവനമുണ്ട്. ഇതിനു പുറമേ 27 മൃഗാശുപത്രികൾ 24 മണിക്കൂർ സേവനം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കുത്തക കമ്പനികൾ രാജ്യത്ത് പിടിമുറുക്കുമ്പോൾ അപകടത്തിൽ ആവുന്നത് സാധാരണക്കാരായ കർഷകർ ആണെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും പരിപാടിയിൽ അധ്യക്ഷവഹിച്ച് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. മറ്റ് കാർഷികവിളകൾക്ക് ഉത്പാദനച്ചെലവിന്റെ 50 ശതമാനം ലാഭം നൽകുന്നത് പോലെ ക്ഷീരമേഖലയിലും നയം കൊണ്ടുവരാൻ കേന്ദ്ര സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പരിപാടിയിൽ ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കൺട്രോളർ ബ്രിൻസി മാണി, ക്ഷീര വികസന വകുപ്പ് ഡയറക്ടർ മിനി രവീന്ദ്രദാസ്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജെ.എസ് ജെ സുജീഷ്, എം.ആർ.സി.എം പി.യു ചെയർമാൻ കെ.എസ് മണി, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. വി ധന്യ, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കറ്റ് വി. മുരുകദാസ്, പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരിമുത്തു, മറ്റ് ജനപ്രതിനിധികൾ, ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.