കണ്ണൂർ : മാഹി പാര്‍ക്കിന് മയ്യഴിയുടെ കഥാകരന്‍ എം മുകുന്ദന്റെ നമഥേയം നല്‍കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിദേശിച്ചു. എം മുകുന്ദന്‍ മലയാള സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ക്കുള്ള ആദരമായാണ് ഇത്. മയ്യഴി പുഴയോരത്ത് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കുമായിനിര്‍മിച്ച പാര്‍ക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് മന്ത്രി ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. മന്ത്രിയുടെ നിര്‍ദേശം അടുത്ത ജില്ലാ പഞ്ചായത്ത് യോഗം അംഗീകരിച്ച ശേഷം നാമകരണച്ചടങ്ങ് സംഘടിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അറിയിച്ചു.
നവകേരളം കെട്ടിപ്പടുക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ദാരിദ്ര്യം പറഞ്ഞു നടക്കുകയല്ല, അത് മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനുവേണ്ടി 50000 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തങ്ങളാണ് നടക്കുന്നത്. കുട്ടികളുടെയും വയോജനങ്ങളുടെയും ആരോഗ്യ സംരക്ഷണത്തിനായി ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ നിന്നും രണ്ട് കോടി ചെലവഴിച്ചാണ് പാര്‍ക്ക് നിര്‍മിച്ചത്.
ന്യൂ മാഹി പഞ്ചായത്തിലെ പെരിങ്ങാടിയില്‍ മയ്യഴിപ്പുഴയുടെ തീരത്ത് ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 1.12 ഹെക്ടര്‍ സ്ഥലത്താണ് പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്. ലാന്‍ഡ് അക്വിസിഷന്‍ ആക്ട് പ്രകാരം മയ്യഴി പുഴയുടെ തീരത്തെ സ്ഥലം ഏറ്റെടുത്ത്പ്രകൃതിയുടെ ആവാസ വ്യവസ്ഥയ്ക്ക് കോട്ടംതട്ടാതെയാണ് പാര്‍ക്കിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
ഓപ്പണ്‍ സ്റ്റേജ്, പ്രകൃതിദത്ത ശിലകള്‍ കൊണ്ടുള്ള ശില്പങ്ങള്‍, ചെറിയ കുളം, കുട്ടികള്‍ക്ക് കളിക്കാനുള്ള വിശാലമായ കളിസ്ഥലങ്ങള്‍, കളിയുപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, 25 ഓളം പേര്‍ക്കിരിക്കാവുന്ന മൂന്ന് പവലിയനുകള്‍, പൂന്തോട്ടം, നടപ്പാതകള്‍, പാര്‍ക്കിന് കുറകെയുള്ള തോടിന് മുകളില്‍ മൂന്നിടങ്ങളിലായി മേല്‍പാലങ്ങള്‍, മരച്ചോട്ടില്‍ ഒരുക്കിയ ഇരിപ്പിടങ്ങള്‍, വിശ്രമിക്കാനുള്ള മൂന്ന് കുടിലുകള്‍, കാന്റീന്‍, കുടിവെള്ള സൗകര്യം, വൈദ്യുതി വിളക്കുകള്‍, ശൗചാലയങ്ങള്‍ എന്നിവയാണ് പാര്‍ക്കിലുള്ളത്. കൂടാതെ പാര്‍ക്കിനോടനുബന്ധിച്ച് തന്നെ മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിയുമായി ബന്ധപ്പെട്ട ബോട്ടുജെട്ടി നിര്‍മാണം പുരോഗമിച്ചു വരികയാണ്. ഇതു കൂടി പൂര്‍ത്തിയായാല്‍ ഉത്തരമലബാറിലെ ടൂറിസം രംഗത്ത് ഒരു മുതല്‍ക്കൂട്ടായി ഇവിടം മാറും. നിര്‍മിതി കേന്ദ്രയ്ക്കായിരുന്നു പാര്‍ക്കിന്റെ നിര്‍മാണ ചുമതല.