കണ്ണൂർ : അടിസ്ഥാന സൗകര്യങ്ങളിലും അക്കാദമിക മികവിലും സ്വകാര്യ വിദ്യാലയങ്ങളെ വെല്ലുന്ന നിലയിലേക്ക് പൊതു വിദ്യാലയങ്ങള്‍ ഉയര്‍ന്നുവെന്ന് വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. തില്ലങ്കേരി പടിക്കച്ചാല്‍ ഗവ. എല്‍ പി സ്‌കൂളിന് പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

വിദ്യാഭ്യാസ മേഖലയില്‍ സമഗ്രവും പുരോഗമനപരവുമായ മാറ്റങ്ങളാണ് കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ കേരളത്തിലുണ്ടായത്. കുട്ടികളും രക്ഷിതാക്കളും പൊതുവിദ്യാലയങ്ങളെ തേടി വരുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. രാജ്യത്തിന് മാതൃകയാവുന്ന തരത്തില്‍ നമ്മുടെ വിദ്യാഭ്യാസ മേഖല ഉയര്‍ന്നുവന്നു.  പൊതു വിദ്യാലയങ്ങളുടെ ഭൗതികവും അക്കാദമികവുമായ സാഹചര്യം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ഇതിലൂടെ സാധിച്ചു. എല്ലാ പൊതു വിദ്യാലയങ്ങളിലും സ്മാര്‍ട്ട് ക്ലാസ്സ് റൂം ഉള്ള ആദ്യ സംസ്ഥാനമായി കേരളം മാറി.

സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസ്സുകളിലെ എല്ലാ കുട്ടികള്‍ക്കും സൗജന്യ യൂണിഫോം നല്‍കുന്ന പദ്ധതി വ്യവസായ-വിദ്യാഭ്യാസ വകുപ്പുകള്‍ വിജയകരമായാണ് നടപ്പാക്കിയതെന്നും പഠനത്തോടൊപ്പം സ്‌കൂളുകളില്‍ സ്‌പോര്‍ട്‌സ് പ്രോത്സാഹിപ്പിക്കുന്നതിന് കായിക പരിശീലന പദ്ധതികള്‍ സഹായകമായെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് നിയന്ത്രണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 45 ലക്ഷം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയത് ലോകത്തില്‍ തന്നെ ആദ്യമായാണ്. നിര്‍ധനരായ രണ്ട് ലക്ഷം കുട്ടികള്‍ക്ക് ആവശ്യമായ പഠന സംവിധാനങ്ങള്‍ നല്‍കുകയും ചെയ്തു.
സ്‌കൂളുകളിലെ നിലവാരം ഉയര്‍ത്തുന്നതിനായുള്ള നവീകരണ പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ സജീവമാണ്.  100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പുതുതായി നിര്‍മ്മിച്ച 124 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു കഴിഞ്ഞു. ഒപ്പം 54 സ്‌കൂളുകളില്‍ പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനുള്ള ശിലാസ്ഥാപനവും നടന്നു. മുഴുവന്‍ പേര്‍ക്കും വീട്, വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം, ആഹാരം എന്നിവ ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ കേരളത്തില്‍ വിജയകരമായി നടപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ പൊതു വിദ്യാലയങ്ങള്‍ ഹൈടെക് ആകുന്നതിന്റെ ഭാഗമായി മന്ത്രി ഇ പി ജയരാജന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 26 ലക്ഷം രൂപ ചെലവിലാണ് പടിക്കച്ചാല്‍ ഗവ. എല്‍ പി സ്‌കൂളില്‍ മൂന്ന് ക്ലാസ് മുറികളും നാല് ടോയ്‌ലറ്റുക ളുമടങ്ങുന്ന കെട്ടിടം നിര്‍മ്മിച്ചത്.  ഇത് കൂടാതെ ഒന്നാം നില, ഹാള്‍ എന്നിവ നിര്‍മ്മിക്കാനായി 30 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്.