സന്തോഷ് ട്രോഫി താരം കെ.പി. രാഹുലിന്റെ വീടെന്ന സ്വപ്നമാണ് യാഥാര്‍ഥ്യമായത്. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കായിക വകുപ്പിന്റെ കായിക വികസന നിധിയില്‍ നിന്നുള്ള 15 ലക്ഷം രൂപ ചെലവിലാണ് വീടൊരുക്കിയത്. സര്‍ക്കാര്‍ ജോലി നല്‍കിയതിനൊപ്പം കായിക വകുപ്പ് നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ ദാനം കായിക യുവജനകാര്യ മന്ത്രി ഇ.പി.ജയരാജന്‍ നേരിട്ടെത്തി കേരള പിറവി ദിനത്തില്‍ നിര്‍വ്വഹിച്ചതിന്റെ ആഹ്ലാദത്തിലാണ് രാഹുല്‍. വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനും മന്ത്രി നേതൃത്വം നല്‍കി. കേരള സര്‍ക്കാര്‍ കായിക മേഖലയ്ക്ക് നല്‍കുന്ന കരുതലിന്റെ നേര്‍സാക്ഷ്യമായി ചടങ്ങ് മാറി.

പിലിക്കോട് നടന്ന ചടങ്ങില്‍ മന്ത്രി ഇ.പി.ജയരാജന്‍ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു. എം.രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി ശ്രീധരന്‍, ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പി ഹബീബ് റഹ്മാന്‍ , മുന്‍ എം എല്‍ എ കെ.കുഞ്ഞിരാമന്‍, ടി വി ഗോവിന്ദന്‍ , സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ അംഗം ടി വി ബാലന്‍ കായിക താരം കെ പി രാഹുല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സര്‍ക്കാരിന്റെ കരുതലില്‍ കായിക കേരളത്തിന് പുതിയ
പ്രതീക്ഷയായി രാഹുല്‍

72-ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ മിന്നും താരമായിരുന്നു കെ പി രാഹുല്‍. ദുരിതങ്ങളോട് പൊരുതി, ഫുട്‌ബോളില്‍് വിസ്മയം സൃഷ്ടിച്ച് കേരളത്തിന് അഭിമാനമായ രാഹുലിന്റെ ദുരിതം അറിഞ്ഞ് എം രാജഗോപാലന്‍ എംഎ എ കായിക മന്ത്രിക്ക് നേരിട്ട് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വീട് അനുവദിച്ച് കിട്ടിയത്. സംസ്ഥാന കായിക വകുപ്പ് കായിക വികസന നിധിയില്‍ നിന്നും രാഹുലിന് വീട് നിര്‍മ്മിക്കാന്‍ 15 ലക്ഷം രൂപ വകയിരുത്തുകയും നിര്‍മ്മാണത്തിന്റെ ചുമതല ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഏല്‍പിക്കുകയും ചെയ്തു. നാടിന്റെ യശ്ശസുയര്‍ത്തിയ രാഹുലിന് വീട് നിര്‍മ്മിക്കാന്‍ പ്രദേശവാസിയായ സി.അപ്പുക്കുഞ്ഞി കുറഞ്ഞ വിലയ്ക്ക് ഭൂമി നല്‍കിയതോടെ പിലിക്കോട് കരപ്പാത്ത് ആയുര്‍വ്വേദ ആശുപത്രിക്ക് സമീപം, അഞ്ചുസെന്റില്‍ 1100 ചതുരശ്ര അടി വിസ്തൃതിയില്‍, രണ്ട് മുറി അടുക്കള ഹാള്‍ എന്നിവയടങ്ങുന്ന സ്വപ്ന ഭവനം പൂര്‍ത്തിയായിതയ്യാറായി. കോവിഡ് പ്രതിസന്ധിക്കിടയിലും രണ്ടു മാസം മുമ്പ് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരുന്നു.
ചീമേനിയിലെ മിച്ചഭൂമിയില്‍ ചോര്‍ന്നൊലിക്കുന്ന ഒറ്റമുറി വീട്ടിലായിരുന്നു മരപ്പണിക്കാരനായ അച്ഛന്‍ രമേശനും അമ്മ തങ്കമണിയും സഹേദരി രസ്‌നയും അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. സന്തോഷ് ട്രോഫി വിജയത്തെ തുടര്‍ന്ന് ഫെബ്രുവരിയില്‍ സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരം വിദ്യാഭ്യാസ വകുപ്പില്‍ എല്‍ഡി ക്ലര്‍ക്ക് നിയമനം ലഭിച്ചിരുന്നു. ഇന്ന് ആലംപാടി സ്‌കൂളിലെ ക്ലര്‍ക്കാണ് രാഹുല്‍. നിരവധി ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള താരം ആറാം ക്ലാസ് മുതല്‍ തന്നെ ഫുട്‌ബോളില്‍ സജീവമാണ്. പിലിക്കോടെ മൈതാനങ്ങളില്‍ കളിച്ചു വളര്‍ന്ന രാഹുല്‍ നിലവില്‍ ഗോകുലം എഫ്‌സിയിയുമായാണ് കരാറിലുള്ളത്. സര്‍ക്കാറിന്റെ തണലില്‍ ലഭിച്ച വീടും ജോലിയും മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജ്ജമാക്കി രാഹുല്‍ കായിക കേരളത്തിന് പ്രതീക്ഷയാവുകയാണ് രാഹുല്‍

ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കുകയാണ് കായിക ക്ഷേമ വകുപ്പിന്റെ ലക്ഷ്യം -കായിക യുവജന കാര്യമന്ത്രി

എല്ലാവര്‍ക്കും ആരോഗ്യമെന്ന ലക്ഷ്യത്തോടെ ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കുകയാണ് കായിക ക്ഷേമ വകുപ്പിന്റെ ലക്ഷ്യമെന്ന് കായിക യുവജന കാര്യമന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. സന്തോഷ് ട്രോഫി താരം കെ പി രാഹുലിന് കായിക വകുപ്പ് നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രാഹുലിന് വീട് നിര്‍മിച്ച് നല്‍കിയത് കായിക താരങ്ങള്‍ക്ക് ആത്മവിശ്വാസ്വവും പ്രതീക്ഷയും നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 464 കായിക താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കി. 264 കായികതാരങ്ങള്‍ക്ക് സൂപ്പര്‍ ന്യൂമറി തസ്തികയുണ്ടാക്കി ജോലി നല്‍കി. 44 മള്‍ട്ടി പര്‍പസ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിച്ചു. 1000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കായിക മേഖലയില്‍ നടന്നത്. കണ്ണൂരിലെ ഒളിമ്പ്യന്‍ മാന്വല്‍ ഫെഡറികിന് പയ്യാമ്പലത്ത് വീട് നിര്‍മിച്ച് നല്‍കി. പാളയത്ത് പച്ചക്കറി വില്‍പന നടത്തിയിരുന്ന അന്തര്‍ദേശീയ കായിക പുരസ്‌കാരം നേടിയ ശ്യാമളയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കി. സന്തോഷ് ട്രോഫി നേടിയ കായിക താരങ്ങള്‍ക്കെല്ലാം ജോലി നല്‍കി. രാഹുലിന് വീട് നിര്‍മ്മിച്ച് നല്‍കാന്‍ പങ്കു വഹിച്ച ജനപ്രതിനിധികള്‍ ജില്ലാ സ്‌പോര്‍ട്ട് സ് കൗണ്‍സില്‍ ഭാരവാഹികള്‍ എന്നിവരെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
കായിക ക്ഷമതയുള്ള സമൂഹത്തില്‍ രോഗപ്രതിരോധ ശേഷി കൂടും. കോവിഡ് 19 വ്യാപനത്തിനെതിരെ കര്‍ശന ജാഗ്രത പാലിക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയും കുടുംബങ്ങളെ ബോധവല്‍ക്കരിക്കുകയും വേണം. മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുക യും വേണം. കൈകാലുകള്‍ അണുവിമുക്തമാക്കണം. കൈ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് ശുചിയാക്കണം. രോഗം ബാധിച്ചവരില്‍ പാര്‍ശ്വ ഫലം കാണപ്പെടുന്ന രോഗമാണിതെന്നും ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.