അകത്തേത്തറ-നടക്കാവ് മേല്‍പ്പാലത്തിനായുള്ള സ്ഥലമെടുപ്പ് ഏപ്രിലില്‍ പൂര്‍ത്തിയാക്കാന്‍ ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്ചുതാനന്ദന്റെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗം തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തീകരിച്ച് മെയ് മാസം നിര്‍മാണം തുടങ്ങാന്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ആര്‍.ബി.ഡി.സി.കെ. ക്ക് നിര്‍ദേശം നല്‍കി.
വീടുളളവരുടെ ഭൂമി ഏറ്റെടുക്കുമ്പോള്‍ മൂന്ന് ലക്ഷം നഷ്ടപരിഹാരം നല്‍കാനും വീട് ലഭിക്കാനുള്ള നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. നിയമാനുസൃതമായി നഷ്ടപരിഹാര തുകയും ഭൂമിയും വീടും നല്‍കാന്‍ റവന്യൂ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൂടാതെ ജനപ്രതിനിധികളും സ്ഥലം എം.എല്‍.എ.യും നിര്‍ദ്ദേശിക്കുന്ന പ്രതിനിധിയെ അവലോകന സമിതിയില്‍ ഉള്‍പ്പെടുത്താന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. ജില്ലാതല പര്‍ച്ചേയ്‌സ് കമ്മിറ്റി രണ്ടാഴ്ച്ചയ്ക്കകം യോഗം ചേര്‍ന്ന് നടപടി ക്രമങ്ങള്‍ സംസ്ഥാനതല പര്‍ച്ചേയ്‌സ് കമ്മിറ്റിക്ക് സമര്‍പ്പിക്കുവാനും മന്ത്രി നിര്‍ദ്ദേശിച്ചു.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ചതിനു ശേഷമേ സ്ഥലമേറ്റെടുക്കാവു എന്ന് വി.എസ്.അച്ചുതാനന്ദന്‍ എം.എല്‍.എ പറഞ്ഞു.
നിയമസഭയിലെ ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ.പി.സുരേഷ് ബാബു, അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സദാശിവന്‍, മാത്യു ജോസ് മാത്യൂസ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.